Quantcast

മെസ്സിയോ മൊറോക്കോയോ? 2018ന്റെ തനിയാവർത്തനമോ? സെമി കാത്തുവച്ചിരിക്കുന്നതെന്ത്?

ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ?

MediaOne Logo

Web Desk

  • Published:

    11 Dec 2022 4:44 AM GMT

മെസ്സിയോ മൊറോക്കോയോ? 2018ന്റെ തനിയാവർത്തനമോ? സെമി കാത്തുവച്ചിരിക്കുന്നതെന്ത്?
X

ദോഹ: അത്യന്തം നാടകീയത നിറഞ്ഞ രണ്ടു രാത്രികൾക്കൊടുവിൽ ഖത്തർ ലോകകപ്പ് കലാശപ്പോരിനു തൊട്ടരികെ എത്തിനിൽക്കുകയാണ്. ഇത്തവണ ലോകജേതാക്കൾ ആരെന്നറിയാൻ ഇനി മൂന്നു മത്സരങ്ങളുടെ ദൂരം. പോർച്ചുഗീസിനെതിരെ മൊറോക്കൻ വിജയഗാഥ. ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ലോക ചാംപ്യന്മാർ.

ഒടുവിൽ ലോകജേതാക്കളിലേക്കുള്ള യാത്ര നാല് ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച രാത്രി ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് ബുധനാഴ്ച രാത്രിയിലെ രണ്ടാം സെമി. ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? അതല്ല, വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ? അങ്ങനെ 2018ന് ഫ്രാൻസിനോട് കണക്കുതീർക്കാൻ ക്രൊയേഷ്യയ്ക്കു മുന്നിൽ സുവർണാവസരം തുറക്കുമോ? സെമിയിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ ഫുട്‌ബോൾ ആരാധകർ ആവേശത്തോടെയും ഉദ്വേഗത്തോടെയും കാത്തിരിക്കുകയാണ്.

ലോകകപ്പിന്റെ അവസാന നാലുപേരിൽ ആദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡം സാന്നിധ്യമറിയിച്ചതാണ് ഖത്തർ ലോകകപ്പിന്റെ സവിശേഷത. യൂറോപ്പിൽനിന്ന് ഫ്രാൻസും ക്രൊയേഷ്യയും. ലാറ്റിനമേരിക്കൻ സൗന്ദര്യവുമായി അർജന്റീന. ആഫ്രിക്കൻ കരുത്തുകാട്ടാൻ മൊറോക്കോ. നിലവിലെ ജേതാക്കളും റണ്ണറപ്പുകളും അവസാന നാലിലുണ്ട്.

ചൊവ്വാഴ്ചയാണ് ആദ്യ സെമി. രാത്രി പന്ത്രണ്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും. നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ തകർത്താണ് അർജന്റീനയുടെ വരവ്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ ശക്തരാകുന്നു ആൽബിസെലസ്റ്റകൾ. മറുവശത്ത് തുടരെ രണ്ട് ഷൂട്ടൗട്ടുകൾ കടന്ന് ക്രൊയേഷ്യയും എത്തുന്നു. പ്രീക്വാർട്ടറിൽ ജപ്പാനും ക്വാർട്ടറിൽ കരുത്തരായ ബ്രസീലും ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിനുമുന്നിൽ വീണു.

രണ്ടാം സെമി ബുധനാഴ്ചയാണ്. അൽബെയ്ത് സ്റ്റേഡിയത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് കിക്കോഫ്. തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ വരവ്. മറുവശത്ത് ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രം കുറിച്ചെത്തുന്ന മൊറോക്കോ. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തെയും പ്രീക്വാർട്ടറിൽ സ്‌പെയ്‌നിനെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും വീഴ്ത്തി വരുന്നവർ. ഫ്രാൻസിനും അർജന്റീനയ്ക്കും രണ്ട് ലോകകിരീടമുണ്ട്. ക്രൊയേഷ്യയ്ക്ക് അഭിമാനിക്കാൻ 2018ലെ ഫൈനൽ. മൊറോക്കോയാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിൽ എത്തിനിൽക്കുന്നു. ഇനിയെന്ത്.. മൂന്നേ മൂന്ന് മത്സരങ്ങൾ ഉത്തരം പറയും.

Summary: FIFA World Cup 2022 Semi Final line up preview

TAGS :

Next Story