Quantcast

ഗോള് കയറാത്ത മൊറോക്കൻ കോട്ട; അവസാന ഒമ്പത് മത്സരത്തിലും എതിർ ടീം ഗോളടിച്ചിട്ടില്ല!

ഈ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കന്‍ രാജ്യവുമാണ് മൊറോക്കോ

MediaOne Logo

Web Desk

  • Published:

    7 Dec 2022 3:22 PM GMT

ഗോള് കയറാത്ത മൊറോക്കൻ കോട്ട; അവസാന ഒമ്പത് മത്സരത്തിലും എതിർ ടീം ഗോളടിച്ചിട്ടില്ല!
X

ഖത്തർ ലോകപ്പിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട സ്‌പെയിൻ മൊറോക്കോ മത്സരം മറ്റൊരു കൗതുകം കൂടി സമ്മാനിച്ചിരുന്നു. 120 മിനിറ്റ് കളിച്ചിട്ടും ഷൂട്ടൗട്ടിലേക്ക് നീങ്ങിയിട്ടും മൊറോക്കൻ വലയിൽ ഒരു ഗോൾ പോലും വീണില്ല, ഈ ലോകകപ്പിൽ മൂന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി. ഈ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ ഒരേയൊരു ആഫ്രിക്കന്‍ രാജ്യവുമാണ് മൊറോക്കോ. ലോകകപ്പിൽ മാത്രമല്ല പരിശീലകൻ വലീദ് ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ മൊറോക്കോ ആ സെൽഫ് ഗോൾ അല്ലാതെ ഒരു ഗോൾ വഴങ്ങിയിട്ടില്ല. ഓഗസ്റ്റിൽ വലിദ് ചുമതലയേറ്റ ശേഷം 9 മത്സരങ്ങൾ മൊറോക്കോ കളിച്ചു. ഒരു ടീമും എതിരായി ഇതുവരെ ഗോൾ അടിച്ചില്ല.

ഖത്തർ ലോകകപ്പിൽ ആകെ ഒരു ഗോളാണ് ഇതുവരെ മൊറോക്കോ വഴങ്ങിയത്. അതും സെൽഫ് ഗോളായിരുന്നു. അതായത് എതിരാളികൾ മൊറോക്കോ വലയിലേക്ക് പന്തെത്തിക്കാൻ ആയിട്ടില്ല. ആഫ്രിക്കൻ സംഘം ക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ അതിന്റെ പ്രധാന ക്രെഡിറ്റ് വലയുടെ കാവല്ക്കാരന് ബോനോയ്ക്ക് തന്നെയാണ്. സ്പാനിഷ് പടയുടെ പാസിങ് തന്ത്രങ്ങൾ പാളിയ മത്സരത്തിൽ ഷൂട്ടൗട്ടിനു മുൻപും പലതവണ മൊറോക്കോയുടെ രക്ഷകനായിരുന്നു യാസീൻ ബോനോ. മത്സരത്തിലുടനീളം സ്‌പെയിൻ മുന്നേറ്റത്തെ ബോക്‌സിനു പുറത്ത് തടയിട്ട മൊറോക്കൻ പ്രതിരോധത്തിനു പാളിയ ഘട്ടങ്ങളിലെല്ലാം രക്ഷയായത് ബോനോയുടെ ഞെട്ടിപ്പിക്കുന്ന സേവുകളായിരുന്നു.

ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് 1986ല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം. ബെല്‍ജിയത്തെ അട്ടിമറിച്ച് തുടങ്ങിയ മൊറോക്കോ അതേ പോരാട്ടവീര്യം തുടര്‍ന്നപ്പോള്‍ വീണത് മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍. ചരിത്രവിജയത്തില്‍ മൊറോക്കന്‍ താരങ്ങള് സന്തോഷത്തോടെ തുള്ളിച്ചാടി. ചില താരങ്ങള്‍ പലസ്തീന്‍ പതാകയേന്തിയാണ് എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം വലംവെച്ചത്. മൊറോക്കന്‍ പതാകയ്‌ക്കൊപ്പം പലസ്തീന്‍ പതാക പിടിച്ച് ഗ്രൂപ്പ് ഫോട്ടോയ്ക്കും പോസ് ചെയ്തു. പലസ്തീന്‍ പതാക പിടിച്ചുനില്‍ക്കുന്ന മൊറോക്കന്‍ താരങ്ങളായ ജവാദ് അല്‍ യാമിഖിന്റേയും സലീം അമല്ലായുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


TAGS :

Next Story