Quantcast

2018 ആവർത്തിക്കാൻ ഫ്രഞ്ച് പട: പകരം വീട്ടാൻ മെസിയും സംഘവും: ഫൈനലിൽ തീപാറും പോരാട്ടം

32 ടീമുകൾ രണ്ടായി ചുരുങ്ങുമ്പോൾ അർജന്റീനയും ഫ്രാൻസും നേർക്കുനേർ. ഇനി അങ്കം മെസിയും എംബാപയും തമ്മിൽ

MediaOne Logo

Web Desk

  • Published:

    15 Dec 2022 2:08 AM GMT

2018 ആവർത്തിക്കാൻ ഫ്രഞ്ച് പട: പകരം വീട്ടാൻ മെസിയും സംഘവും: ഫൈനലിൽ തീപാറും പോരാട്ടം
X

ദോഹ: ലോകകപ്പിൽ ഒരിക്കൽ കൂടി അർജന്റീനയും ഫ്രാൻസും നേർക്കുനേർ വരുന്നു. ഇത്തവണ കലാശപ്പോരിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന അങ്കത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുന്നു. 32 ടീമുകൾ രണ്ടായി ചുരുങ്ങുമ്പോൾ അർജന്റീനയും ഫ്രാൻസും നേർക്കുനേർ. ഇനി അങ്കം മെസിയും എംബാപയും തമ്മിൽ.

കിരീടം നിലനിർത്തുകയാണ് ഫ്രഞ്ച് ലക്ഷ്യം. അത് ഒരു ജയം അകലെയാണ്. ഫൈനലിലേക്ക് എത്തുമ്പോൾ എതിരാളികൾ അർജന്റീന. മെസിയും അനുചരൻമാരും ചില്ലറക്കാരല്ലെന്ന് അറിയാം ഫ്രഞ്ച് പടയ്ക്ക്. സെമിയിൽ നിന്ന് പഠിക്കാനുണ്ട് ദഷാംപ്സിന്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ വീഴ്ത്തിയെന്ന ആത്മവിശ്വാസത്തെ ഇത്തവണ കൂട്ട് പിടിക്കാനാകില്ല. ഇത് ആ സംഘമല്ല. അടിമുടി മാറി എന്തിനും പോന്നവരായി മാറിയിരിക്കുന്നു നീലപ്പട.

അതേസമയം കണക്ക് പറഞ്ഞ് വീട്ടാനുള്ള അവസരമാണ് അർജന്റീനക്കിത്. ഒപ്പം ലയണൽ മെസിക്ക് ലോകകിരീടവും. സ്കലോണിയുടെ സംഘത്തിനും അവസാന അങ്കം കടുപ്പമേറിയതാണ്. കണക്കിലും കളത്തിലും കരുത്തരാണ് ഫ്രഞ്ച് ടീം. പക്ഷേ വിജയത്തിനായി ദാഹിക്കുന്ന സംഘമായി മാറിയ മെസ്സിക്കും കൂട്ടർക്കും അത് പ്രശ്നമല്ല. എൻസോയും അൽവാരസും പോലെയുള്ള നവമുകുളങ്ങൾ ഏത് നിമിഷവും പ്രഹരിക്കാൻ ശേഷിയുള്ളവർ.

സ്കലോണിയെന്ന തന്ത്രജ്ഞൻ ഒരുക്കുന്ന പദ്ധതികൾ അണുവിട വ്യതിചലിക്കാതെ പൊരുതുന്ന ആൽബിസെലസ്റ്റകൾ എന്തിനും പോന്ന കൂട്ടമാണ്. ആദ്യ തോൽവിയിൽ നിന്ന് അടിമുടി ഉയർത്തെഴുന്നേറ്റ അവരത് തെളിയിച്ചുകഴിഞ്ഞു. ക്രൊയേഷ്യയെ തോൽപിച്ചാണ് അർജന്റീനയുടെ ഫൈനൽ പ്രവേശം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചിന്റെ സംഘത്തിനെ മെസിപ്പട കീഴടക്കിയത്. 2018ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കളിയാരാധകരെ ആവേശത്തിലാക്കിയിരുന്നു. ഏഴ് ഗോളുകൾ പിറന്ന മത്സരത്തിൽ ഫ്രാൻസ് ജയിച്ചുകയറി(4-3).

ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് പ്രീ ക്വാർട്ടറിലെത്തിയത്. അർജന്റീന, സൗദി അറേബ്യയോടും ഫ്രാൻസ് ടുണീഷ്യയോടുമായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. അതേസമയം അർജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാൽ ഫ്രാൻസിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വർഷത്തിനിടെ ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാൻസിനെ തേടിയെത്തുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8.30ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോര്.

TAGS :

Next Story