Quantcast

'ബ്രസീലിനെതിരായ സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് എനിക്ക് ഊർജമായത്'; വെളിപ്പെടുത്തി സ്‌കലോണി

സ്‌കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന സംഘം ലോകകപ്പിനെത്തിയത്

MediaOne Logo

Web Desk

  • Published:

    20 Dec 2022 4:51 AM GMT

ബ്രസീലിനെതിരായ സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് എനിക്ക് ഊർജമായത്; വെളിപ്പെടുത്തി സ്‌കലോണി
X

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ വിജയരഹസ്യം വെളിപ്പെടുത്തി അർജന്റീന കോച്ച് ലയണൽ സ്‌കലോണി. 2021ൽ സൂപ്പർ താരം ലയണൽ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തൽ. അന്ന് മെസിയുടെ വാക്കുകളാണ് എല്ലാം മാറ്റിമറിച്ചതെന്ന് സ്‌കലോണി പറഞ്ഞു.

'ഞാൻ ഒരു കാര്യം പറയാൻ പോകുകയാണ്. സാൻ ഹുവാനിൽ ബ്രസീലുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷവും അദ്ദേഹവുമായി(മെസ്സിയുമായി) നടത്തിയ സംഭാഷണത്തെക്കുറിച്ചാണത്. വരുംദിവസങ്ങളിൽ കാര്യം കൂടുതൽ ദുഷ്‌ക്കരമാകുമെന്നാണ് എനിക്ക് തോന്നിയത്.'-സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു.

ആ നിരാശ കൂടുതൽ ശക്തമാകാനിടയുള്ളതിനാൽ മെസി പാരിസിലേക്ക് തിരിക്കുംമുൻപ് ഞാൻ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു. ഞാൻ വിഷയങ്ങളെല്ലാം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: 'നമ്മൾ മുന്നോട്ടുപോകും. കാര്യങ്ങൾ നന്നായി വരാനിടയുണ്ട്. അങ്ങനെയുണ്ടായിട്ടില്ലെങ്കിലും നമ്മൾ ശ്രമിച്ചുനോക്കും.' മെസിയുടെ ആ വാക്കുകളാണ് എനിക്ക് ഊർജം നൽകിയത്-സ്‌കലോണി കൂട്ടിച്ചേർത്തു.

ദേശീയ ടീമിൽനിന്ന് വിരമിച്ച ശേഷം മെസി വീണ്ടും അർജന്റീന കുപ്പായത്തിൽ മടങ്ങിയെത്താനുള്ള പ്രധാന കാരണക്കാരിൽ ഒരാൾകൂടിയാണ് സ്‌കലോണി. 2016ൽ കോപ അമേരിക്ക ഫൈനലിൽ ചിലിയോടുള്ള പരാജയത്തിനു പിന്നാലെയുള്ള മെസി അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസിയെ ചിലിയൻ താരങ്ങൾ വളയുന്ന ചിത്രം പങ്കുവച്ച് അന്ന് സ്‌കലോണി പങ്കുവച്ച ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. 'ഈ ചിത്രം എല്ലാം പറയുന്നുണ്ട്; പോകരുത് ലിയോ' എന്നായിരുന്നു സ്‌കലോണി ട്വീറ്റിൽ കുറിച്ചത്.

മെസി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. ആറു വർഷങ്ങൾക്കുശേഷം സ്‌കലോണി ദേശീയ ടീമിന്റെ പരിശീലകനായെത്തുകയും അർജന്റീനയെ കോപ ജേതാക്കളും ഒടുവിൽ ലോക ചാംപ്യന്മാരുമാക്കി. സ്‌കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന ലോകകപ്പിനെത്തിയത്.

Summary: Argentina manager Lionel Scaloni has opened up on a fateful conversation he had with Lionel Messi after qualifying for the 2022 World Cup

TAGS :

Next Story