ഒരു ഐസ്ക്രീം കമ്പനി ഫലസ്തീന് നൽകുന്ന മധുരപ്രതീക്ഷകൾ
ഐസ്ക്രീം രാഷ്ട്രീയത്തിന്റെ മൂർച്ചയിൽ പുളയുകയാണ് ഇസ്രായേൽ എന്ന സൈനിക രാഷ്ട്രം.
- Updated:
2021-07-22 11:59:12.0
ഐസ്ക്രീം. ആഗോളതലത്തിൽ മധുരിക്കുന്ന ഒരു ഉൽപന്നം മാത്രമല്ല ഇതെന്ന് തെളിയുകയാണ്. ഐസ്ക്രീം രാഷ്ട്രീയത്തിന്റെ മൂർച്ചയിൽ പുളയുകയാണ് ഇസ്രായേൽ എന്ന സൈനിക രാഷ്ട്രം.'ഐസ്ക്രീം' കമ്പനി ഭീകരതയുടെ പുതിയ വകഭേദം ആണെന്നാണ് ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ് പറയുന്നത്.
യഥാർഥ പ്രതി ഐസ്ക്രീം ഉൽപാദകരായ ബെൻ ആൻറ് ജെറി ആണ്. യുനിലിവർ ആണ് മാതൃകമ്പനി. അമേരിക്കയിലെ പ്രമുഖ ഐസ്ക്രീം ബ്രാൻഡിനെതിരെയാണ് ഇസ്രായേൽ ആക്രോശം.
എന്താണ് പൊടുന്നനെയുള്ള പ്രകോപനത്തിനു കാരണം? ഇസ്രായേലിൽ ബെൻ ആൻറ് ജെറി വിൽക്കും. എന്നാൽ ഫലസ്തീൻ അധിനിവിഷ്ട പ്രദേശങ്ങളിൽ ഐസ്ക്രീം വിൽപന ഉണ്ടാകില്ല എന്നാണ് ബെൻ ആൻറ് ജെറി പ്രഖ്യാപിച്ചത്. അതിന് കൃത്യമായ കാരണവും കമ്പനി നിരത്തിയിട്ടുണ്ട്. ഫലസ്തീൻ ജനതക്കെതിരെ യുദ്ധകുറ്റങ്ങൾ ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ അതുമായി ഒത്തുപോകാൻ കഴിയില്ലെന്നാണ് ബെൻ ആൻറ് ജെറിയുടെ തീരുമാനം. ശരിക്കും രാഷ്ട്രീയതീർപ്പാണിത്. പ്രത്യക്ഷത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും.
വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവിടങ്ങളിൽ എന്തു നടക്കുന്നു എന്ന് ലോകത്തിനറിയാം. ശരിയായ യുദ്ധ കുറ്റം തന്നെയാണ് ഇസ്രായേൽ നടത്തുന്നതെന്ന് യു.എൻ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടും വ്യക്തമാക്കിയതാണ്. ഗസ്സയിൽ അതിക്രമം നടത്തി മുന്നൂറോളം പേരെ വകവരുത്തിയത് അടുത്തിടെ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഗസ്സയിലേക്ക് ജീവകാരുണ്യ ഉൽപന്നങ്ങൾ പോലും അനുവദിക്കാത്ത കുടിലത മറുഭാഗത്തും. അതിനിടയില്‍ മസ്ജിദുൽ അഖ്സയുടെ പവിത്രത തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളും തുടരുന്നു.
അധിനിവിഷ്ട പ്രദേശങ്ങളിലെ ജനതക്ക് നൽകേണ്ട മിനിമം നീതി പോലും നിഷേധിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് സ്ഥാപനത്തിന്റെ നൈതികതക്കും ധാർമികമൂല്യങ്ങൾക്കും നിരക്കാത്ത ഇസ്രായേൽ നടപടികൾക്കെതിരെ ഒരു ഐസ്ക്രീം സ്ഥാപനം പ്രതിരോധം തീർക്കുന്നത്. ഇസ്രായേലിൽ ഐസ്ക്രീം ലഭിക്കും, എന്നാൽ അധിനിവിഷ്ട പ്രദേശങ്ങളിൽ അതുണ്ടാകില്ല എന്ന രാഷ്ട്രീയ തീരുമാനം ബെൻ ആൻറ് ജെറി കൈക്കൊള്ളുന്നത്.
തീരുമാനം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ഇസ്രായേൽ ഒന്നാകെ ബെൻ ആൻറ് ജെറിക്കെതിരെ ഉറഞ്ഞു തുള്ളുകയാണിപ്പോൾ. 'ഇസ്രായേൽ സമ്പദ് ഘടന തർക്കാനുള്ള ഭീകരതയാണിത്. എന്തുവില കൊടുത്തും ഈ ഭീകരത അമർച്ച ചെയ്യണം' ഇസ്രായേൽ പ്രസിഡന്‍റ് രോഷം കൊള്ളുന്നു. ബഹിഷ്കരണം, നിക്ഷേപം പിൻവലിക്കൽ, ഉപരോധ നടപടികൾ എന്നിവ പ്രതിഷേധ രൂപങ്ങളാണ്.
ഇസ്രായേല്‍ പ്രസിഡന്‍റ് ഐസഖ് ഹെർസോഗ്
ഫലസ്തീൻ ജനതക്കെതിരായ യുദ്ധ കുറ്റങ്ങൾ തുടരുന്ന ഇസ്രായേലിന്റെ പങ്ക് പുറംലോകത്തെ അറിയിക്കാൻ ബെൻ ആൻറ് ജെറിയുടെ തീരുമാനത്തിനായി. ബെൻ ആൻറ് ജെറിയുടെ പ്രഖ്യാപനത്തെ ഫലസ്തീൻ ജനത സ്വാഗതം ചെയ്തു. 'യഥാർഥ ഭീകരത അധിനിവേശം തന്നെയാണ്. ഭീകരതയുടെ ഏറ്റവും വൃത്തികെട്ട രൂപമാണിത്.' ഫലസ്തീൻ അതോറിറ്റിയുടെ പ്രതികരണം.
ഒരു ഐസ്ക്രീം കമ്പനിയുടെ തീരുമാനം ഇസ്രായേലിനെ വിറകൊള്ളിക്കുന്നതാണ് ലോകം കാണുന്നത്. കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അമേരിക്കയിൽ സമ്മർദം ചെലുത്തി ബഹിഷ്കരണം പിൻവലിപ്പിക്കാനുള്ള കുതന്ത്രങ്ങളിലാണ് ഇസ്രായേൽ. സെമിറ്റിക് വിരുദ്ധ സമീപനത്തിന്‍റെ ഭാഗമാണിതെന്നാണ് ഇസ്രായേൽ കുറ്റപ്പെടുത്തൽ. വർണവെറിയുടെ രാഷ്ട്രീയവും ക്രൂരതയും പിൻപറ്റുന്ന ഒരു രാഷ്ട്രം തന്നെയാണ് ബെൻ ജെറിക്ക് ക്ലാസെടുക്കുന്നതും.
പ്രധാനമന്ത്രി നാഫ്തലി ബെനറ്റും രോഷപ്രകടനവുമായി രംഗത്തുണ്ട്. ഒരു അമേരിക്കൻ കമ്പനിക്ക് എങ്ങനെ ഇതിന് ധൈര്യം വന്നു എന്നാണ് ബെനറ്റിന്‍റെ ചോദ്യം. സെമിറ്റിക് വിരുദ്ധതക്കു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ് ഐസ്ക്രീം കമ്പനിയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് പറയുന്നു. ജറൂസലം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ആരും സ്വപ്നം കാണേണ്ടതില്ലെന്ന് പറഞ്ഞയാളാണ് ഈ യായിർ ലാപിഡ്.
യായിർ ലാപിഡ്
ശൈഖ് ജർറാഹ് ഉൾപ്പെടെ കിഴക്കൻ ജറൂസലം പ്രദേശങ്ങളിൽ നിന്ന് ഫലസ്തീൻ കുടുംബങ്ങളെ പുറന്തള്ളാൻ ഇസ്രായേൽ മുതിർന്നതും ആരും മറന്നിട്ടില്ല. യായിർ ലാപിഡ് കുറച്ചു മുമ്പ് പറഞ്ഞത് കൂടി നാം അറിയണം.'എന്‍റെ കഴിവനുസരിച്ച് എന്തും ചെയ്യും. ഇസ്രായേലിനുള്ളിൽ ഒരു ഫലസ്തീൻ രാഷ്ട്രം വരുന്നതിനെ എന്തു വിലകൊടുത്തും ചെറുക്കും. നിങ്ങൾ ഒരു ഭീകരനെ പിടികൂടിയാൽ ഒന്നും ആലോചിക്കാതെ വധിച്ചു കൊള്ളുക. ഞാൻ ഈ ജീവിതത്തിൽ നിരവധി അറബികളെ കൊന്നിട്ടുണ്ട്. അതിലൂടെ ഒരു പ്രശ്നവും ഇതുവരെ എനിക്ക് ഉണ്ടായിട്ടുമില്ല.'
അധിനിവിഷ്ട പ്രദേശങ്ങളിൽ ഐസ്ക്രീം വിൽപന നടത്തുന്നത് കമ്പനിയുടെ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന പ്രഖ്യാപിത നയമാണ് ബെൻ ആൻറ് ജെറിയുടേത്. എന്നാൽ എത്രകാലം ഈ നിലപാടിൽ ഉറച്ചു നിൽക്കാൻ ഐസ്ക്രീം കമ്പനിക്ക് കഴിയും എന്ന ചോദ്യം ബാക്കി.
യു.എസ് സെനറ്ററും ഇസ്രായേൽ പക്ഷപാതിയുമായ ജെയിംസ് ലൻക്ഫോഡിന്റെ നേതൃത്വത്തിൽ ബെൻ ആൻറ് ജെറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം വന്നുകഴിഞ്ഞു. നിരവധി യു.എസ് സെനറ്റർമാരെ രംഗത്തിറക്കിയാണ് ഇസ്രായേൽ സമ്മർദം. ഇസ്രായേലിനെയും അതിന്‍റെ താൽപര്യങ്ങളെയും ഹനിക്കുന്ന നടപടികൾ പൊറുപ്പിക്കില്ലെന്നാണ് യു.എസ് പ്രഖ്യാപിത നയം. എങ്കിൽ എന്തുകൊണ്ട് ബെൻ ആൻറ് ജെറിക്കെതിരെ നടപടി സ്വീകരിക്കുന്നില്ല? ഇതാണ് ഇസ്രായേലും അമേരിക്കയിലെ സയണിസ്റ്റ് ലോബിയും ഉന്നയിക്കുന്നത്.
യുനിലിവർ കമ്പനി സി.ഇ.ഒയെ ഫോണിൽ വിളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നഫ്തലി ബെനറ്റ് ഭീഷണി മുഴക്കിയതും മുന്നറിയിപ്പാണ്. എത്രകാലം ഫലസ്തീൻ ഐക്യദാർഢ്യം തുടരാൻ യു.എസ് ഐസ്ക്രീം കമ്പനിക്ക് കഴിയും? വിപണിയാണോ നിലപാടാണോ പ്രധാനം? ബെൻ ആൻറ് ജെറി മാത്രമല്ല, നീതിയോട് ഐക്യപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും ഇന്നല്ലെങ്കിൽ നാളെ ഈ ചോദ്യം നേരിടേണ്ടി വരും.
Adjust Story Font
16