കെ.എസ്.ആര്‍.ടി.സിയില്‍ കേരളം കറങ്ങി, 64ാം വയസില്‍ ബൻജി ജമ്പിംഗ്; ഇത് യാത്രകളെ സ്നേഹിക്കുന്ന ഒരു റിട്ട.അധ്യാപികയുടെ കഥ
സോളോ ട്രിപ്പ് പോകാന്‍ ഒത്തിരി ഇഷ്ടമാണ്. കേരളത്തിലും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ ഇത്തരത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്
ഒരു പ്രായം കഴിഞ്ഞാല്‍ വീട്ടില്‍ കുത്തിയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം റിട്ടയര്‍മെന്‍റ് ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. മറ്റ് ചിലരാകട്ടെ കൃഷിയിലേക്ക് മറ്റും തിരിയും. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും പെടാത്ത ചിലരുണ്ട്. ജീവിതത്തെ കുറച്ചുകൂടി സാഹസികമായി കാണുന്നവര്‍...അക്കൂട്ടത്തില്‍ പെടുന്നതാണ് കൊല്ലം പത്തനാപുരത്ത് നിന്നുള്ള റിട്ടയേഡ് അധ്യാപികയായ ലീല രവീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസില്‍ കേരളം കറങ്ങിക്കൊണ്ടിരിക്കുന്ന 64ാം വയസില്‍ ബന്‍ജിം ജമ്പിംഗ് ചെയ്ത മിടുമിടുക്കി അമ്മ. മലകളും കുന്നുകളും കയറി കാടും കടലും താണ്ടി ലീല തന്‍റെ യാത്രകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിലും യാത്രാ ഗ്രൂപ്പുകള്‍ വഴിയുമാണ് ലീലയുടെ ഭൂരിഭാഗം യാത്രകളും. തന്‍റെ യാത്രാനുഭവങ്ങളെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് ലീല രവീന്ദ്രന്‍.
ബന്‍ജിംഗ് ജമ്പിംഗ്- 64ാം പിറന്നാളിന് മക്കള്‍ തന്ന സമ്മാനം
ബന്‍ജി ജമ്പിംഗ് ചെയ്യുന്നത് പണ്ട് ടിവിയിലൊക്കെ കണ്ടിട്ടുണ്ടായിരുന്നു. അന്ന് ഇതെങ്ങിനെ ചാടുമെന്നൊക്കെ വിചാരിച്ച് അതിശയിച്ചിരുന്നു. മകന്‍ ന്യൂസിലാന്‍ഡില്‍ പോയപ്പോള്‍ അവന്‍ ചാടുന്ന വീഡിയോയും ഫോട്ടോയുമൊക്കെ കണ്ടിരുന്നു. അന്ന് ഒരു ദിവസം ഞാനും ഇതേ പോലെ ചാടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ ഞാനത് മറന്നു. എന്നാല്‍ മക്കള്‍ അതോര്‍ത്തുവച്ചിരുന്നു. എന്‍റെ 64ാം പിറന്നാളിന്‍റെ അന്ന് അവരെനിക്ക് തന്ന സമ്മാനമായിരുന്നു ന്യൂസിലാന്‍ഡില്‍ വച്ചുള്ള ബന്‍ജി ജമ്പിംഗ്. എനിക്കിച്ചിരി ധൈര്യമൊക്കെ ഉള്ള കൂട്ടത്തിലാണേ. രണ്ട് മലകളുടെ ഇടുക്കിലേക്ക് ഇങ്ങിനെ പറന്നുയരാനൊക്കെ വലിയ ഇഷ്ടം തോന്നി. പേടിയൊന്നും തോന്നിയില്ല. എല്ലാവരോടും ഹായ് ഒക്കെ പറഞ്ഞാണ് ഞാന്‍ ചാടിയത്. ഒരു നാലഞ്ച് മിനിറ്റ് ഭൂമിയിലും ആകാശത്തുമല്ലാതെ നില്‍ക്കുവല്ലായിരുന്നോ.. ഞാന്‍ പതുക്കെ ലാ..ലാ..ലാ ഒക്കെ പാടി..നന്നായി എന്‍ജോയ് ചെയ്തു. ലോകത്തിലെ ആദ്യത്തെ ബന്‍ജി സെന്‍ററായ ന്യൂസിലാന്‍ഡിലെ കവ്വാരു ബന്‍ജിയില്‍ നിന്നായിരുന്നു എന്‍റെ ബന്‍ജി ജമ്പിംഗ്. 98 വയസുള്ളവരൊക്കെ അവിടെ നിന്നും ബന്‍ജി ജമ്പ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ചെയ്തത് അത്ര വലിയ കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ അന്ന് എന്‍റെ മുന്നില്‍ നിന്നവരൊക്കെ അന്ന് പേടിച്ച് ചാടാതെ മടങ്ങിപ്പോയിട്ടുണ്ട്. ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍, തമിഴ് നടന്‍ വിജയ് എന്നിവരൊക്കെ ഇവിടുന്ന് ബന്‍ജി ജമ്പ് ചെയ്തിട്ടുണ്ട്.
അറുപതാമത്തെ വയസില്‍ ആദ്യത്തെ ട്രിപ്പ്
കുട്ടിക്കാലം മുതലേ യാത്രകളോട് ഇഷ്ടമായിരുന്നു. അമ്മയുടെ കൂടെ മാര്‍ക്കറ്റിലേക്ക് പോകുന്ന കുഞ്ഞു നടത്തങ്ങള്‍ പോലും ഞാന്‍ ആസ്വദിച്ചിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ വിനോദയാത്രകള്‍ക്കൊക്കെ പോയിട്ടുണ്ട്. അനിയന്‍ അശോകന്‍ കടുത്ത യാത്രാപ്രേമിയാണ്. അവന്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കുടുംബത്തിലെ എല്ലാവരെയും കൂട്ടി യാത്രകള്‍ പോകും. ഇഷ്ടമുള്ള സ്ഥലങ്ങള്‍, ഇഷ്ടമുള്ള ഭക്ഷണം...അവനാണ് എന്നെ യാത്ര ചെയ്യാന്‍ പഠിപ്പിച്ചത്. പിന്നെ ഫേസ്ബുക്കിലെ അപ്പൂപ്പന്‍താടി,സഹയാത്രിക തുടങ്ങിയ യാത്രാ ഗ്രൂപ്പുകള്‍ ഇടുന്ന ഫോട്ടോകള്‍ കാണുമ്പോള്‍ യാത്രകള്‍ ചെയ്യാനുള്ള ആഗ്രഹം കൂടിക്കൂടി വന്നു. അങ്ങിനെ അപ്പൂപ്പന്‍താടി എന്ന വനിതയാത്രാസംഘത്തിന്‍റെ സ്ഥാപക ആയ സജ്ന അലിയെ വിളിച്ചു. എനിക്കിത്രയും വയസായി എന്നെ നിങ്ങള്‍ കൊണ്ടുപോകുമോ എന്ന് ചോദിച്ചു. നിങ്ങളെ പോലെയുള്ളവരെ കൊണ്ടുപോകാനുള്ളതല്ലോ ഈ സംഘം എന്നായിരുന്നു സജ്നയുടെ മറുപടി.
എന്നാല്‍ ആദ്യത്തെ ട്രിപ്പ് സഹയാത്രികക്കൊപ്പമായിരുന്നു. എന്‍റെ അറുപതാമത്തെ വയസില്‍ കണ്ണൂരിലെ പൈതല്‍മലയിലേക്കായിരുന്നു. പിന്നെ യാത്ര ചെയ്യാന്‍ സമയമില്ലെന്നായി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പോയിട്ടുണ്ട്. ന്യൂസിലാന്‍ഡില്‍ നിന്നും വന്നപ്പോള്‍ ഒരു വീര്‍പ്പുമുട്ടലാ. കോവിഡ് കഴിയാതെ പുറത്തിറങ്ങരുതെന്നാ മകന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് യാത്രകള്‍ക്ക് ഇപ്പോള്‍ ചെറിയൊരു ഫുള്‍ സ്റ്റോപ്പ് കൊടുത്തിരിക്കുകയാണ്. ന്യൂസിലാന്‍ഡില്‍ ഒരു വിധം സ്ഥലങ്ങളൊക്കെ കണ്ടിട്ടുണ്ട്. ഇനി ബാലിയിലും തായ്‍ലാന്‍ഡിലും പോകണമെന്നാണ് ആഗ്രഹം
സോളോ ട്രിപ്പിലൂടെ കേരളം കറങ്ങി
സോളോ ട്രിപ്പ് പോകാന്‍ ഒത്തിരി ഇഷ്ടമാണ്. കേരളത്തിലും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ ഇത്തരത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സുന്ദരപാണ്ഡ്യപുരം, ഭഗവതിപുരം, മൂന്നാര്‍, ചതുരംഗപ്പാറ, ആനയിറങ്കല്‍ ഡാം,കുട്ടിക്കാനം, തേക്കടി, കുമളി, വാഗമണ്‍ തുടങ്ങി കുറെ സ്ഥലങ്ങള്‍ സോളോ ട്രിപ്പായി പോയിട്ടുണ്ട്. കുട്ടിക്കാനവും വാഗമണുമൊക്കെ എപ്പോഴും പോകാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒന്നു വാഗമണ്‍ പോയാലോ എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ബസ് പിടിച്ച് അവിടേക്ക് പോകും അത്രക്കിഷ്ടമാണ് വാഗമണിനെ. കെ.എസ്.ആര്‍.ടി.സി ബസിലാണ് സോളോ ട്രിപ്പുകള്‍ എല്ലാം. സോളോ ട്രിപ്പുകളുടെ ഗുണമെന്താണെന്ന് വച്ചാല്‍ ആരെയും കാത്തുനില്‍ക്കണ്ട, എവിടെച്ചെന്നാലും അവിടെ കുറെ സമയം ചെലവഴിക്കാം. ചെലവും കുറവാണ്. രാവിലെ പോയി വൈകിട്ട് വീട്ടിലെത്താവുന്ന തരത്തിലുള്ള സോളോ ട്രിപ്പാണ് നടത്താറുള്ളത്. പക്ഷെ വാഗമണിലും കുമളിയിലൊക്കെ താമസിക്കാന്‍ ഇഷ്ടമാണ്. കുറെ സ്ഥലങ്ങള്‍ പോയിട്ടുണ്ടെങ്കിലും പലതും ഓര്‍മയില്‍ വരുന്നില്ല. പോയ സ്ഥലങ്ങളെക്കുറിച്ചൊക്കെ എഴുതി വയ്ക്കണമെന്ന് ആദ്യം വിചാരിക്കാറുണ്ടായിരുന്നു. യാത്രാനുഭവങ്ങളൊക്കെ ആദ്യം ഫേസ്ബുക്കില്‍ എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ മടിയാണ്.
യാത്രാ ഗ്രൂപ്പുകളുടെ കൂടെ യാത്ര ചെയ്യാനും ഇഷ്ടമാണ്. അങ്ങിനെ ദക്ഷിണേന്ത്യയിലെ ചിറാപ്പൂഞ്ചി എന്നറിയപ്പെടുന്ന കര്‍ണാടകയിലെ അകുംബയിലൊക്കെ മൂന്നു വട്ടം പോയിട്ടുണ്ട്. കൊളുക്കുമല, മീശപ്പുലിമല യെല്ലപ്പട്ടി, വയനാട്, തൃക്കൈപ്പറ്റ, കന്യാകുമാരി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ രാമേശ്വരത്തെ വീട്ടിലൊക്കെ പോയിട്ടുണ്ട്. ഞങ്ങളുടെ നാടായ കൊല്ലത്ത് ഏകദേശം 28ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. അവിടെയെല്ലാം പോകാന്‍ സാധിച്ചത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്. കേരളത്തിലെ എല്ലാം ജില്ലകളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്.
പണ്ട് പാഠപുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ സ്ഥലങ്ങള്‍ നേരിട്ട് കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്, അത് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
അമ്മയെയും കൂട്ടി ഒരു യാത്ര പോകൂ
യാത്ര പോകാന്‍ കുടുംബം തരുന്ന പിന്തുണ വലുതാണ്. മകനും മരുമകളുമാണ് എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. മരുമകള്‍ യാത്രക്ക് പോകുമ്പോള്‍ ഇടാനുള്ള ഡ്രസും മറ്റ് സാധനങ്ങളുമൊക്കെ അയച്ചു തരും. കുടുംബത്തോടൊപ്പവും ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്.
പല അമ്മമാര്‍ക്കും യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ആരും കൊണ്ടുപോകാനില്ലെന്ന് മാത്രം. പലരെയും വീട്ടിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കാറില്ല. നീ പോയാല്‍ വീട്ടിലെ കാര്യങ്ങള്‍ ആര് നോക്കും, പശൂന് ആര് പുല്ലുവെട്ടും എന്നിങ്ങനെ പോകും ചോദ്യങ്ങള്‍. വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കാന്‍ മിക്ക അമ്മമാര്‍ക്കും ഇഷ്ടമില്ല. അവരുടെ ഉള്ളിലുമുണ്ട് കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങള്‍. അത് സാധിച്ചുകൊടുക്കുന്നതാണ് മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സന്തോഷം.
Adjust Story Font
16