ഇന്ത്യ കാണാൻ ഒറ്റയ്‌ക്കൊരു പെൺയാത്ര; ദി ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പ്
ഓൾ ഇന്ത്യ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം സ്വദേശിനി നിധി സോസ കുര്യൻ
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുള്ള ഒരു യാത്ര പലരുടെയും സ്വപ്നമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. സമൂഹം കൽപിച്ച വേലിക്കകത്ത് ഒതുങ്ങി ജീവിക്കേണ്ടി വരുന്ന, സന്ധ്യകഴിഞ്ഞാൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുണ്ട് ഇന്നും നമുക്ക് ചുറ്റും. അത്തരമൊരു സമൂഹത്തിൽ നിന്നുകൊണ്ട് ഒറ്റയ്‌ക്കൊരു ഓൾ ഇന്ത്യ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് മാധ്യമ പ്രവർത്തകയായ കോട്ടയം സ്വദേശിനി നിധി സോസ കുര്യൻ.
മലകൾ താണ്ടി, പുഴ കടന്ന്, കാടിറങ്ങി, മേഘങ്ങൾ തൊട്ട്, മഴനനഞ്ഞ് ഒരു ദേശാടനം. 60 ദിവസങ്ങൾ നീണ്ടതാണ് യാത്ര. ലോകം മുഴുവൻ കണ്ടുതീർക്കുന്ന ഒരു സഞ്ചാരിയാവണം എന്ന നിധിയുടെ സ്വപ്‌നത്തിലേക്കുള്ള ഒരു കാൽവെപ്പ് മാത്രമാണ് ഈ ഓൾ ഇന്ത്യ യാത്ര.
ഈ മാസം 7 ന് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്നും യാത്ര ഫ്ലാഗ്ഓഫ് ചെയ്യുന്നത് യാത്രചെയ്യാൻ പ്രായമോ പണമോ തടസ്സമല്ലെന്ന് തെളിയിച്ച ചായക്കടക്കാരൻ ബാലാജി ചേട്ടനും മോഹന ചേച്ചിയുമാണ്.
'തോറ്റു തളർന്നു വീഴുമ്പോൾ നമുക്ക് നമ്മളോട് ചെയ്യാൻ കഴിയുന്നത് നമ്മളെ ആവോളം സ്‌നേഹിക്കുക എന്നതാണ്. യാത്രകളോടും മനുഷ്യരോടും കലഹം കൂട്ടി ഞാൻ മറ്റൊരു ലോകത്തായിരുന്നു. ഇപ്പോൾ ചിറകുകൾക്ക് ബലമേറിയിട്ടുണ്ട്. കാലുകൾക്ക് ദൃഢതയും. ആയതിനാൽ. യാത്ര ഒറ്റയ്ക്കാണ്.' നിധി ഫേസ്ബുക്കിൽ കുറിച്ചു.
യാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ 'Travel Fm' എന്ന ഫേസ്ബുക്ക് പേജും, യൂട്യൂബ് ചാനലും നിധി ആരംഭിച്ചുകഴിഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം-
ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 7 മണിക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നിന്നും ഫ്ലാഗ്ഓഫ് ചെയ്ത് യാത്ര ആരംഭിക്കുകയാണ്. ചായ വിറ്റ് ലോകം മുഴുവൻ സഞ്ചരിക്കുന്ന ബാലാജി ചേട്ടനും മോഹന ചേച്ചിയുമാണ് ഫ്ലാഗ്ഓഫ് ചെയ്യുന്നത്. സാധിക്കുന്നവർ വരണം. അങ്ങനെ വീണ്ടും ഡോറയുടെ പ്രയാണങ്ങൾ ആരംഭിക്കുന്നു. യാത്രാ വിശേഷങ്ങൾ Travel Fm ന്റെ പേജിലും Travel FM ന്റെ യൂട്യൂബ് ചാനലിലും കാണാം.
Adjust Story Font
16