ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കാൻ ഇന്ത്യൻ ട്വിറ്ററിൽ ആഹ്വാനം
"ടിക്കറ്റ് വില കൂടുതൽ ആയതിനാൽ ബഹിഷ്കരിക്കാൻ എളുപ്പമാണല്ലോ...'
അറബ് രാജ്യമായ ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കാനുള്ള തീവ്രവലതുപക്ഷ അനുകൂലികളുടെ ആഹ്വാനം ഇന്ത്യൻ ട്വിറ്ററിൽ തരംഗമാവുകയാണ്. ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദാ പ്രസ്താവനക്കെതിരെ ഖത്തർ അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നതിനു പിന്നാലെയാണ് ദോഹ ആസ്ഥാനമായുള്ള വിമാനക്കമ്പനി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ടോപ് ട്രെൻഡിങ്ങിൽ വന്നത്.
ആദ്യഘട്ടത്തിൽ അക്ഷരപ്പിശകുള്ള Bycott എന്ന വാക്കുൾക്കൊള്ളുന്ന #BycottQatarAirways എന്ന ഹാഷ് ടാഗിലായിരുന്നു ബഹിഷ്കരണാഹ്വാനം. രണ്ടുലക്ഷത്തിലേറെ ട്വീറ്റുകളാണ് ഈ ടാഗിൽ വന്നത്. പിന്നീട് ഇത് #BoycottQatarAirways എന്ന് തിരുത്തുകയായിരുന്നു.
ടെലിവിഷൻ പരിപാടിയിൽ പ്രവാചകനിന്ദാ പരാമർശം നടത്തിയ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയെ പിന്തുണച്ചു കൊണ്ടുള്ളതാണ് ഈ ഹാഷ് ടാഗിൽ വരുന്ന മിക്ക ട്വീറ്റുകളും. പ്രസ്താവന വിവാദമാവുകയും അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് നുപുർ ശർമയെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ഖത്തർ എയർവേയ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിൽ ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയവർ പങ്കുചേർന്നു.
അതേസമയം, ഖത്തർ എയർവേയ്‌സിനെതിരായ ബഹിഷ്‌കരണ ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി സോഷ്യൽ മീഡിയ കൺവീനർ കൃഷ്ണൻ കെ അഭിപ്രായപ്പെട്ടു. 'ബി.ജെ.പി മതഭ്രാന്തന്മാരുടെ വിദ്വേഷ പ്രസംഗം ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയതും പോരാഞ്ഞ്, ഇപ്പോൾ ബി.ജെ.പി ഖത്തർ എയർവേയ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ട്രെൻഡാക്കുകയാണ്. ഇത് അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ സങ്കീർണമാക്കും. നരേന്ദ്ര മോദിജി, അങ്ങയുടെ ബി.ജെ.പിക്കാരായ ഭക്തന്മാരോട് സംസാരിക്കാൻ അങ്ങ് മൗനം വെടിയുമോ?' - കൃഷ്ണൻ കെ ട്വീറ്റ് ചെയ്തു.
ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ മാധ്യമപ്രവർത്തക രോഹിണി സിങ് പരിഹസിച്ചു: 'ഖത്തർ എയർവേയ്‌സ് ഒരു ലോകോത്തര വിമാനക്കമ്പനിയാണ്. ഒരുപക്ഷേ, ഏറ്റവും ചെലവേറിയതും അതുതന്നെയാവാനാണ് സാധ്യത. അതിനെ ബഹിഷ്‌കരിക്കാൻ എളുപ്പമാണ്. കാരണം, എല്ലാവർക്കും ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യാൻ കഴിയില്ലല്ലോ...' - അവർ ട്വീറ്റ് ചെയ്തു.
Adjust Story Font
16