ടേക്ക് ഓഫും ലാൻഡിങും ഒരേ റൺവേയിൽ: ഒഴിവായത് വൻ അപകടം, അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ വിമാനത്താവളത്തിലാണ് ഏവരെയും ഞെട്ടിച്ച ലാന്‍ഡിങും ടേക്ക് ഓഫും നടന്നത്
മുംബൈ: എയർ ഇന്ത്യ ജെറ്റ് പറന്നുയരവെ അതേ റൺവേയിൽ ഇൻഡിഗോ വിമാനത്തിന്റെ ലാന്‍ഡിങ്. മുംബൈ വിമാനത്താവളത്തിലാണ് ഏവരെയും ഞെട്ടിച്ച ലാന്‍ഡിങും ടേക്ക് ഓഫും നടന്നത്.
ദുരന്തം ഒഴിവായെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതർ വേഗത്തിൽ നടപടി എടുത്തു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് പുറമെ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയർന്ന നിമിഷങ്ങൾക്കകമാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നത്. ഇന്‍ഡോറില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ഇന്‍ഡിഗോ. എന്നാല്‍ തിരുവനന്തപുരത്തേക്കായിരുന്നു എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. അതേസമയം എയർ ട്രാഫിക് കൺട്രോളറുടെ നിർദേശപ്രകാരാണ് കാര്യങ്ങൾ ചെയ്തതെന്നാണ് രണ്ട് വിമാനത്തിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഒരേസമയം ഒരേ റൺവേയിലൂടെ രണ്ടു വിമാനങ്ങൾ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ ഒരു വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവാകുകയായിരുന്നു.
Watch Video
Adjust Story Font
16