മേൽപ്പാലത്തിലും കുടുങ്ങി; പൊല്ലാപ്പ് തീരാതെ 'വൈറൽ വിമാന'ത്തിന്‍റെ റോഡ് ട്രിപ്പ്
ഹൈദരാബാദിലെ പ്രശസ്ത ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കറാണ് 75 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിമാനം ലേലത്തിൽ സ്വന്തമാക്കിയത്
അമരാവതി: തിരുവനന്തപുരത്തുനിന്ന് റോഡ് മാർഗം പുറപ്പെട്ട വിമാനം ആന്ധ്രപ്രദേശിലും പാലത്തിൽ കുടുങ്ങി. വാർത്തകളിൽ നിറഞ്ഞ വൈറൽ വിമാനമാണ് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ആന്ധ്രപ്രദേശിലെ ബാപാട്‌ലയിലെ കൊറിസപാട് മേൽപ്പാലത്തിനു താഴെ കുടുങ്ങിയത്. ഇതേതുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഹൈദരാബാദ് സ്വദേശിയാണ് ഉപയോഗശൂന്യമായ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലേലത്തിൽ സ്വന്തമാക്കിയത്. 30 വർഷം മുൻപ് സർവീസിലുണ്ടായിരുന്ന വിമാനമാണിത്. 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ വിമാനം ഹോട്ടലാക്കി മാറ്റാനായാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ചയാണ് ഭാഗങ്ങളായി പൊളിച്ച വിമാനം നാല് ട്രെയിലറുകളിലായി ദേശീയപാത വഴി കൊണ്ടുപോയത്.
ഇതിനിടെ, കൊല്ലം ചവറ പാലത്തിലും വിമാനം കുടുങ്ങിയിരുന്നു. ട്രെയിലറിൽ പുറപ്പെട്ട വിമാനത്തിന്റെ ഭാഗം പാലത്തിൽ തട്ടിനിൽക്കുകയായിരുന്നു. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. വാർത്ത അറിഞ്ഞ് അപൂർവകാഴ്ച കാണാൻ ആളുകൾ ഓടിക്കൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് കഷ്ടപ്പെട്ടിരുന്നു. തുടർന്ന് ട്രെയിലറിന്റെ ടയറുകളുടെ കാറ്റഴിച്ചാണ് ഗതാഗതക്കുരുക്ക് നീക്കിയത്.
ആന്ധ്രയിലും വിമാനം പാലത്തിൽ കുടുങ്ങിയ വിവരമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. മേദർമെട്‌ല പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാലത്തിനും വിമാനത്തിനും കേടുപാട് സംഭവിക്കാതെ പുറത്തിറക്കാനായെന്ന് എസ്.ഐ ശിവകുമാർ പറഞ്ഞു.
ഹൈദരാബാദിലെ പ്രശസ്ത ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കർ ആണ് വിമാനം സ്വന്തമാക്കിയത്. വിമാനമാതൃകയിൽ റെസ്റ്റോറന്റ് ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതു വാങ്ങിയത്.
Summary: An old airoplane that was bought by Hyderabad's Pista House owner from Thiruvananthapuram international airports' auction got stuck at an underpass in Bapatla district, Andhra Pradesh. The plane was being transported by road from Kochi to Hyderabad
Adjust Story Font
16