വിൽപത്രത്തിൽ ശാന്തനുവും വേലക്കാരനും വളർത്തുനായയും; ടാറ്റയുടെ 10,000 കോടി സ്വത്തിന്റെ അവകാശികൾ ഇവരാണ്

മുംബൈയിലെ അലിബാഗിൽ 2,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ബംഗ്ലാവും മുംബൈ ജുഹു താര റോഡിലുള്ള ഇരുനില വീടും ഉൾപ്പെടുന്നതാണ് ടാറ്റയുടെ സ്വത്തുക്കൾ. ഫിക്‌സിഡ് ഡെപോസിറ്റായി ബാങ്കിൽ 350 കോടി രൂപയും ടാറ്റാ സൺസിൽ 0.83 ശതമാനത്തിന്റെ ഓഹരിയും 30ഓളം ആഡംബര കാറുകളുമുണ്ട്

Update: 2024-10-26 05:10 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഒക്ടോബർ ഒൻപതിനാണ് പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ രത്തൻ ടാറ്റ അന്തരിക്കുന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു രാജ്യം ടാറ്റയ്ക്ക് അന്ത്യയാത്രയൊരുക്കിയത്. മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പൊതുദർശനത്തിൽ കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും കലാ-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം അന്ത്യോപചാരമർപ്പിക്കാനായി എത്തിയിരുന്നു. മുംബൈയിലെ വർളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്.

പതിറ്റാണ്ടുകളായി ടാറ്റാ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു രത്തൻ ടാറ്റ. മരിക്കുമ്പോൾ 10,000 കോടിയോളമായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്. ഭാര്യയും മക്കളും ഇല്ലാത്ത ടാറ്റയുടെ സ്വത്തുക്കളുടെ അവകാശി ആരാകുമെന്ന ചർച്ചകൾ അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ സജീവമായിരുന്നു. ഇപ്പോഴിതാ ടാറ്റയുടെ വിൽപ്പത്രത്തിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മരണത്തിനു മുൻപേ സ്വന്തം സ്വത്തിന്റെ അവകാശികളെയെല്ലാം അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിരുന്നുവെന്നാണു വിൽപത്രം കാണിക്കുന്നത്. സഹോദരനും അർധസഹോദരിമാർക്കും പുറമെ തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കും വീട്ടുവേലക്കാരനും അദ്ദേഹം സ്വന്തം സ്വത്തിന്റെ ഒരു ഓഹരി ഭാഗം വച്ചിട്ടുണ്ട്. വിശ്വസ്ത അസിസ്റ്റന്റ് ശാന്തനു നായിഡുവിനും സ്വത്തിൽ ഒരു പങ്കുണ്ട്. വലിയൊരു ഭാഗം രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷനും നീക്കിവച്ചതായാണു വിവരങ്ങൾ.

സഹോദരൻ ജിമ്മി ടാറ്റയ്ക്കും അർധസഹോദരിമാരായ ഷീറീൻ, ഡിയന്ന ജിജീഭോയ് എന്നിവർക്കും സ്വത്തിൽ വലിയൊരു ഭാഗം മാറ്റിവച്ചിട്ടുണ്ട്. ഇവർക്കൊപ്പം തന്റെ 'ഏകാന്ത' ജീവിതത്തിൽ എന്നും കൂട്ടായുണ്ടായിരുന്ന പ്രിയപ്പെട്ടവരെയും ടാറ്റ മറന്നില്ല. ആറു വർഷം മുൻപ് ദത്തെടുത്ത വളർത്തുനായ ടിറ്റോ തന്നെയാണ് ഇക്കൂട്ടത്തിൽ ഒന്നാമൻ. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയാണ് ടിറ്റോ. ടാറ്റയുടെ അവസാനകാലത്ത് ഏറ്റവും 'അടുപ്പ'മുണ്ടായിരുന്ന ഒരാൾ. വിൽപത്രത്തിലൂടെ ടിറ്റോയോടുള്ള 'നിരുപാധിക സ്‌നേഹം' വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ. ദീർഘകാലമായി ടാറ്റയുടെ പാചകക്കാരനായ രജൻ ഷോ തുടർന്നങ്ങോട്ട് ടിറ്റോയെ നോക്കുമെന്നാണ് വിൽപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള തുകയും മാറ്റിവച്ചിട്ടുണ്ട്.

വിൽപത്രത്തിൽ കോളടിച്ച മറ്റൊരാൾ വീട്ടുവേലക്കാരനായ സുബ്ബയ്യയാണ്. കഴിഞ്ഞ 30 വർഷത്തോളമായി ടാറ്റയ്ക്കു കരുതലും കരുത്തുമായി അദ്ദേഹവുമുണ്ടായിരുന്നു. സുബ്ബയ്യയും രജൻ ഷോയുമായിരുന്നു ടാറ്റയുടെ എല്ലാമെല്ലാം. വിദേശയാത്ര കഴിഞ്ഞു മടങ്ങുമ്പോഴെല്ലാം ഇവർക്കു വേണ്ടി വിലപിടിപ്പുള്ള വസ്ത്രവും വസ്തുക്കളുമെല്ലാം വാങ്ങിക്കൊണ്ടുവരാറുണ്ടായിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മറ്റൊരു സർപ്രൈസ് ശാന്തനു നായിഡുവാണ്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നെങ്കിലും അതിനപ്പുറം പലതുമായിരുന്നു ശാന്തനു. ചെറിയ പ്രായത്തിൽ തന്നെ ടാറ്റയ്‌ക്കൊപ്പം കൂട്ടുകൂടിയ ശാന്തനു, വർഷങ്ങളായി അദ്ദേഹത്തിന്റെ നിഴലായുണ്ട്. ശാന്തനുവിനും തന്റെ സ്വത്തിന്റെ ഒരു ഭാഗം നീക്കിവച്ചിട്ടുണ്ട്. ഇതിനു പുറമെ ഇരുവരും ചേർന്നുള്ള സംയുക്ത സംരംഭമായ 'ഗുഡ്‌ഫെലോസി'ലെ തന്റെ ഉടമസ്ഥാവകാശത്തിൽനിന്നു പിന്മാറുകയും ചെയ്തിട്ടുണ്ട്. നേരത്തെ, പഠനത്തിനായി ടാറ്റയിൽനിന്നെടുത്ത കടങ്ങളെല്ലാം എഴുതിത്തള്ളുകയും ചെയ്തിരിക്കുകയാണ്. ടാറ്റാ സൺസിലുണ്ടായിരുന്ന ഓഹരിയാണ് രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷനു നൽകുന്നത്.

മുംബൈയിലെ തീരനഗരമായ അലിബാഗിലെ 2,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ബംഗ്ലാവും മുംബൈ ജുഹു താര റോഡിലുള്ള ഇരുനില വീടും ഉൾപ്പെടുന്നതാണ് ടാറ്റയുടെ സ്വത്തുക്കൾ. ഫിക്‌സിഡ് ഡെപോസിറ്റായി ബാങ്കിൽ 350 കോടി രൂപയുമുണ്ട്. ടാറ്റാ സൺസിൽ 0.83 ശതമാനത്തിന്റെ ഓഹരി ഇതിനു പുറമെയും.

രത്തൻ ടാറ്റ മരണം വരെ കൊളാബയിലെ ഹാലെകായ് വീട്ടിലാണു കഴിഞ്ഞിരുന്നത്. ടാറ്റ സൺസിന്റെ ഉപവിഭാഗമായ എവാർട്ട് ഇൻവെസ്റ്റ്‌മെന്റ്‌സിനു കീഴിലുള്ളതാണ് ഈ അപാർട്ട്‌മെന്റ്. ടാറ്റയുടെ മരണശേഷം ഈ വീട് എന്തു ചെയ്യുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 30ഓളം ആഡംബര കാറുകളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. കൊളാബയിലെ വസതിയിലും താജ് വെല്ലിങ്ടൺ മ്യൂസ് അപാർട്ട്‌മെന്റിലുമായാണ് ഇവയുള്ളത്. കാറുകൾ ലേലത്തിൽ വിൽക്കാനിടയുണ്ടെന്നാണു സൂചന. ടാറ്റാ ഗ്രൂപ്പ് ഇവ വാങ്ങി പൂനെയിലെ തങ്ങളുടെ മ്യൂസിയത്തിൽ സൂക്ഷിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിൽപത്രം നടപ്പാക്കേണ്ട ആളുകളുടെ പേരും ടാറ്റ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. അഭിഭാഷകനായ ഡാറിയസ് കംബാട്ട, ദീർഘകാലം കൂടെയുണ്ടായിരുന്ന മെഹ്ലി മിസ്ത്രി എന്നിവരെയും അർധ സഹോദരിമാരെയുമാണ് ആ ചുമതല ഏൽപിച്ചിരിക്കുന്നത്.

Summary: In Ratan Tata's will, share not just for siblings but dog Tito, Shantanu Naidu and butler too

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News