സോക്സ് ഒരു ചെറിയ കാര്യമല്ല

മീഡിയവൺ എഡിറ്റർ പ്രമോദ് രാമന്റെ പംക്തി 'മെമ്മറി കാർഡ്' ആരംഭിക്കുന്നു

Update: 2023-07-24 15:51 GMT
Click the Play button to listen to article

രാവിലെ ജോലിക്കുപോകാൻ തുടങ്ങുമ്പോൾ, ഇട്ട പാന്റിനു ചേരുന്ന സോക്സ് തപ്പിയെടുക്കുകയായിരുന്നു. അത്ര ചേരുന്നതല്ലെങ്കിലും ഒരെണ്ണം എടുത്തിട്ടു. ഷൂവിനു ചേരുന്നതല്ല, പാന്റിനുചേരുന്നതാകണം സോക്സ് എന്നാണ് സങ്കൽപം.

പാന്റിനു ചേരുന്ന സോക്സ് എന്നുവച്ചാൽ പാന്റിന്റെ അതേനിറം ആകണം എന്നാണ് വയ്പ്. ഇനി അഥവാ, അങ്ങനെ കിട്ടിയില്ലെങ്കിൽ ആ ഫാമിലിയിൽ വരുന്ന നിറം ആകണം. നീല പാന്റിന് തവിട് സോക്സ് കഷ്ടി ചേരും. ഒാഫ് വൈറ്റ് പാന്റിന് ചാരനിറം ഒപ്പിക്കാം. പക്ഷേ, കറുത്ത പാന്റിന് വെളുത്ത സോക്ല് ഇടാൻ പാടില്ല. നീലയ്ക്ക് ചുവപ്പും പാടില്ല. ഇത് പാശ്ചാത്യ ഫാഷൻ സങ്കൽപമാണ്. ഷൂവും സോക്സുമെല്ലാം യൂറോപ്പിലാണല്ലോ ഉൽഭവിച്ചത്. 13ാം നൂറ്റാണ്ടിൽ സ്പെയിനിലെ കാറ്റലോണിയയിൽ നിന്നാണെന്നും അതല്ല അതിനു മുന്നേ ഗ്രീസിൽ നിന്നാണെന്നും ലേസ് കെട്ടുന്ന ഷൂ ഉണ്ടായത് 1790-ൽ ഇംഗ്ലണ്ടിലാണെന്നുമെല്ലാം കഥകളുണ്ട്. പക്ഷേ, പാന്റിനു ചേരുന്നതാകണം സോക്സ് എന്ന ഫാഷൻ സങ്കൽപം ആധുനികമാകാനേ തരമുള്ളൂ. ഞാൻ ഈ  സങ്കൽപം ഏറ്റുപിടിക്കാനൊരു കാരണമുണ്ട്.

2006ൽ മനോരമ ന്യൂസ് ആരംഭിച്ച സമയം. 'നിയന്ത്രണരേഖ' എന്ന, പൊതുജനങ്ങൾ കൂടി പങ്കെടുക്കുന്ന ചർച്ചാപരിപാടിയുടെ അവതാരകൻ ഞാനായിരുന്നു. ചാനൽ തുടങ്ങും മുൻപ് ചില റിഹേഴ്സലുകൾ നടത്തുകയും ചാനൽ ആരംഭിച്ചതിന്റെ ഒന്നോരണ്ടോ ദിവസത്തിനകം തന്നെ ഇൗ പരിപാടിയുടെ ആദ്യ എപിസോഡ് സംപ്രേഷണം ചെയ്യുകയും ചെയ്തു. ആ ദിവസങ്ങളിൽ പൊലീസിനെ പേടിച്ചോടി ചിലയാളുകൾ കിണറ്റിൽ വീണും കുഴഞ്ഞുവീണും മരിച്ച സംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ 'പൊലീസ് പേടി എന്തിന്' എന്നതായിരുന്നു ചർച്ചാവിഷയം. അന്നത്തെ എ.ഡി.ജി.പി ജേക്കബ് പുന്നൂസ് അതിൽ അരൂരിലെ സ്റ്റുഡിയോയിൽ വന്ന് പങ്കെടുക്കുകയും ചെയ്തു. (ഇന്ന് അത്തരമൊരു ചർച്ചാപരിപാടിയിൽ എ.ഡി.ജി.പി പങ്കെടുക്കുന്ന കാര്യം ആലോചിച്ചുനോക്കൂ). പരിപാടിയൊക്കെ വളരെ നന്നായി എന്ന് അഭിപ്രായം വന്നു. പക്ഷേ, മനോരമ മാനേജ്മെന്റിൽ നിന്ന് (ഞാനോർക്കുന്നത് ഹർഷ മാത്യു ആണെന്നാണ്) കിട്ടിയ സന്ദേശം പ്രമോദിനോട് പാന്റിനുചേരുന്ന സോക്സ് തന്നെ ഇടാൻ പറയണമെന്നായിരുന്നു. അന്നുതൊട്ട് ഞാൻ അക്കാര്യത്തിൽ വളരെ ശ്രദ്ധിച്ചു.

നമ്മൾ വസ്ത്രധാരണകാര്യത്തിൽ പലതുകൊണ്ടും പലമട്ടിൽ പെരുമാറുന്നവരാണ്. ആ പഴമ ആണ് പുതിയ ഫാഷൻ സങ്കൽപങ്ങൾക്ക് ജൻമം നൽകുന്നത്. ജീൻസിന്റെ ചരിത്രം ഏറെ പ്രശസ്തമാണല്ലോ. ഷൂവിന്റെ കാര്യത്തിൽ തന്നെ സ്പെയിനിലെ കാറ്റലോണിയയിൽ പാടത്തിറങ്ങി പണിയെടുക്കുന്ന കർഷകരെയാണ് അത് ഏറെ സഹായിച്ചത്. അത്തരം ചരിത്രങ്ങൾ അതോടൊപ്പം തന്നെ സൃഷ്ടിച്ചിട്ടുള്ള ചില പെരുമാറ്റങ്ങളുമുണ്ട്. ആ പെരുമാറ്റത്തിന്റെ പിൽക്കാല മാതൃകകളിൽ ഒന്നാകാം ഒരാൾ പാന്റിട്ട് ഷർട്ട് ഇൻസൈഡ് ചെയ്ത് ബെൽറ്റും കോട്ടും ടൈയും ധരിച്ച് നല്ല എക്സിക്യൂട്ടീവ് സ്റൈ്റലിൽ പ്രത്യക്ഷപ്പെടുമ്പോൾ കാലിൽ ചെരുപ്പാകാൻ പാടില്ല ഷൂവും സോക്സും ആയിരിക്കണം എന്നത്. സോക്സ് പാന്റിന്റെ നിറത്തിന് നേരേ എതിരാകാൻ പാടില്ല എന്നതും. മേൽപറഞ്ഞ രീതിയിൽ വേഷം ധരിച്ച് ഒരു ഷോയിൽ പ്രത്യക്ഷപ്പെട്ട ഞാൻ പാന്റിനു ചേരാത്ത സോക്സ് ധരിച്ചത് ഹർഷ മാത്യുവിൽ ഉണ്ടാക്കിയിരിക്കാവുന്ന അസ്വസ്ഥത ഇപ്പോഴെനിക്കറിയാം. കാരണം, ഇപ്പോൾ അത്തരമൊരു കാഴ്ച കണ്ടാൽ എനിക്കും അസ്വസ്ഥത വരും. സോക്സ് പാന്റിന്റെ നിറത്തിനു ചേരുന്നതാണോ എന്ന് നോക്കിപ്പോകുന്ന ശീലം അറിയാതെ എനിക്കു വന്നുപോയിട്ടുണ്ട്.

ആ ഡ്രസ് കോഡ് പാലിക്കുക എന്നത് എനിക്ക് ആത്മിവിശ്വാസത്തിന്റെ കൂടി ഭാഗമായി. അങ്ങനെയാണ്, ഒരു മനോരമ ന്യൂസ് മേക്കർ എപിസോഡ് അവതരണത്തിന് തയ്യാറെടുത്ത് സ്റ്റുഡിയോയിലെത്തിയ എനിക്ക് മനസ്സിലായത് എന്റെ പാന്റിനു ചേരുന്നതല്ല സോക്സ് എന്ന്. നേരത്തേ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിലും കാൽ സ്ക്രീനിൽ വരാൻ സാധ്യതയില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ ഫ്ലോറിൽ ഇരുന്നപ്പോഴാണ് സ്ഥിതി അതല്ലെന്ന് തിരിച്ചറിഞ്ഞത്. ഗസ്റ്റുകളൊക്കെ എത്തി. ഷോ തുടങ്ങാൻ പോവുകയാണ്. ഒരു അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും എന്നിൽ പ്രകടമായി. ഡീപ് ബ്ലൂ കളർ പാന്റാണ്. നീല, കറുപ്പ് ഈ നിറങ്ങളിൽ ഏതെങ്കിലും കളറിലുള്ള ഒരു സോക്സ് കിട്ടിയാൽ ഒപ്പിക്കാം. ക്യാമറയിൽ ശ്രീമോനോട് കാര്യംപറഞ്ഞു. ആ നിറത്തിലുള്ള സോക്സ് നമ്മുടെ കളക്ഷനിൽ അപ്പോഴില്ല. ഗ്രേ മതിയോ, ശ്രീമോൻ ചോദിച്ചു. ഒപ്പിക്കാം, ഞാൻ പറഞ്ഞു. ശ്രീമോൻ ഒട്ടും താമസിച്ചില്ല. ക്യാമറ അവിടെ വച്ച് ഞാനിപ്പോ വരാം എന്നുപറഞ്ഞ് ഒരു പോക്ക് പോയി. എനിക്കാകെ ടെൻഷനായി. ബാക്കി ക്യാമറാ കക്ഷികളും പ്രൊഡ്യൂസറും എല്ലാവരും റെഡിയായി നിൽക്കുകയാണ്. വേണ്ട, പോട്ടെ എന്നൊക്കെ പറഞ്ഞിട്ടും അനുസരിക്കാതെ ശ്രീമോൻ പോയി. ഒരു പത്തുമിനിറ്റ് എടുത്തിട്ടുണ്ടാകും. റെക്കോഡ് ചെയ്യുന്ന പ്രോഗ്രാമായതുകൊണ്ട് അതൊരു പ്രശ്നമായില്ല. പുതിയ ഒരു ജോഡി കടുംചാരനിറത്തിലുള്ള സോക്സുമായി ശ്രീമോൻ ഒാടിക്കിതച്ചുവന്നു. തൊട്ടടുത്താണ് ശ്രീമോൻ താമസം. ഇന്നലെയാണ് ഇൗ സോക്സ് വാങ്ങി റൂമിൽ കൊണ്ടുവച്ചത്.

എനിക്കുണ്ടായ സന്തോഷം കുറച്ചല്ല. ആത്മവിശ്വാസം തിരിച്ചുകിട്ടുക എന്നാൽ ആ ഷോ നന്നാവുക എന്നായിരുന്നുകൂടി അർഥം. നേരത്തേ ഏഷ്യാനെറ്റ് ന്യൂസിലൊക്കെ പ്രവർത്തിച്ചിട്ടുള്ള സീനിയർ ക്യാമറാമാനാണ് ശ്രീമോൻ. പക്ഷേ ഒരു സന്ദർഭത്തിൽ ആ പ്രിയപ്പെട്ട കൂട്ടുകാരൻ കാട്ടിയ അദ്ഭുതാവഹമായ പ്രതികരണവേഗത പ്രായത്തിനെ മറികടക്കുന്നതായി. പുതിയ തലമുറയിലെ പിള്ളേരുടെ കാര്യത്തിൽ ഈ ഉറപ്പ് എനിക്കില്ല.

പിന്നീട് പല ഷോകളിലും ഞാനാ സോക്സ് ഇട്ടു. മീഡിയ വണ്ണിലേക്ക് പോരുന്നേരം ഞാൻ ശ്രീമോനോട് പറഞ്ഞു, സോക്സ് ഞാനെന്റെ കൂടെ കൊണ്ടുപോവുകയാണെന്ന്. ശ്രീമോൻ ചിരിച്ചു.

ഇന്ന് ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ ഇട്ട കറുപ്പ് പാന്റിനൊപ്പം ഇടാൻ ആ സോക്സാണ് കയ്യിൽ കിട്ടിയത്. എങ്കിൽ പിന്നെ അതേക്കുറിച്ചല്ലാതെ 'മെമ്മറി കാർഡി'ൽ ഞാൻ ആദ്യമായി എഴുതേണ്ടത് മറ്റെന്തിനെക്കുറിച്ചാണ്?

(പിൻകുറിപ്പ്: പാന്റ് ഇൻസൈഡ് ചെയ്താൽ നിർബന്ധമായും സോക്സും ഷൂവും ധരിക്കണം. സാൻഡൽസ് പാടില്ല)

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - പ്രമോദ് രാമന്‍

editor

mediaone editor

Similar News