പ്രണയം, വിവാഹ വാഗ്ദാനം: സ്വയം സമര്‍പിത പെണ്‍കുട്ടികള്‍ അറിയാന്‍

പ്രണയവും വിവാഹവും പതിവാണ്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമെന്നാല്‍ അതൊരു കേസല്ലാതായിരിക്കുന്നുവെന്ന് ഓരോ പെണ്‍കുട്ടികളും അറിയേണ്ടതാണിനിയെങ്കിലും.

Update: 2022-12-31 11:54 GMT
Click the Play button to listen to article

വിവാഹത്തിലെത്തുമെന്ന് ഞങ്ങള്‍ സുഹ്യത്തുക്കളെല്ലാം വിശ്വസിച്ച ഒരു പ്രണയമായിരുന്നു അവളുടേത്. കോളജ് പഠനകാലത്ത് തന്നെയുള്ള സുഹ്യത്തുമായുള്ള പ്രണയം. ഉടന്‍ വിവാഹമുണ്ടാകുമെന്നൊക്കെയാണ് അക്കാലത്ത് കേട്ടത്. ഒരിക്കല്‍ ഒരു താലി വാങ്ങി ദൈവത്തെ സാക്ഷിയാക്കി അവളുടെ കഴുത്തിലണിയിച്ചുവെന്നും സുഹ്യത്തുക്കളോട് അവള്‍ തന്നെ പറഞ്ഞു. തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായെന്നും വീട്ടിലറിയിച്ച് വിവാഹം ആഘോഷമായി നടത്തുമെന്നും അവര്‍ സ്വയമങ്ങ് പ്രഖ്യാപിക്കുന്നു. വീട്ടുകാരെയും സുഹ്യത്തുക്കളെയും വിശ്വസിപ്പിക്കുന്നു. അവളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി ഏറ്റവും മാന്യനായി അവന്‍ പെരുമാറുന്നു. പിന്നീടവള്‍ അവന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ നിര്‍ബന്ധിതയാകുന്നു. ഇടക്ക് വിദേശത്ത് പോയ ഇയാള്‍ വിസ്റ്റിംഗ്ല് വിസയില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഇവളെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ ഒരുമിച്ചായി താമസം. അതിലൊന്നും അവള്‍ക്കൊരു എതിര്‍പ്പും തോന്നിയിരുന്നില്ല. വിദേശത്ത് ഇവള്‍ നില്‍ക്കെ ഇവന്‍ നാട്ടില്‍ അത്യാവശ്യമായി പോകണമെന്ന് പറയുന്നു.

നാട്ടിലെത്തി ഇയാള്‍ വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിന്റെ മോതിരം മാറ്റ ചടങ്ങ് നടത്തുന്നു. ഇതൊന്നുമറിയാതെ വിദേശത്തുള്ള ഈ പെണ്‍കുട്ടി ഇയാളെയും കാത്തിരിക്കുന്നതിനിടെയാണ് സുഹ്യത്തുക്കളുടെ ഫെയ്‌സ്ബുക്ക് പേജില്‍ മോതിരമാറ്റ ചടങ്ങില്‍ ചിരിച്ച് നില്‍ക്കുന്ന ഇയാളുടെ പടം കാണുന്നത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട അവള്‍ കരഞ്ഞ് തളര്‍ന്നു. അയല്‍വാസികളുടെ സഹായത്തോടെ പിന്നീടവള്‍ നാട്ടിലെത്തുന്നു. നാട്ടിലെത്തി നേരെ പൊലിസ് സ്റ്റേഷനിലേക്ക്. ഇത്തരം കേസില്‍ ഞങ്ങളെന്ത് ചെയ്യാനാണെന്ന് പൊലിസ്, സ്വന്തം ഇഷ്ടത്തിന് പോയതല്ലേയെന്ന് വനിതാ കമീഷനും. പിന്നെ കോടതിയിലേക്ക്. അതിനായി സമീപിച്ച വക്കീലാണങ്കില്‍ പ്രതിയേക്കാള്‍ മോശം. അയാളുടെ സംസാരവും ചോദ്യവും കഥപറച്ചിലിലും മടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ച ആ പെണ്‍കുട്ടിക്ക് വേണ്ടി ആശ്വാസ വാക്കുകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു പറയാന്‍. അവസാനം എന്തോ ചെറിയ തുക നല്‍കി ആ കേസ് തീര്‍പ്പാക്കിയെന്നാണ് പിന്നീട് അറിഞ്ഞത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതികള്‍ക്ക് യാതൊരു പുതുമയില്ല നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍. ഇപ്പോള്‍ ഈ സംഭവം പറയാനിടയായത് ഹൈക്കോടതിയില്‍ നിന്നുണ്ടായ ഒരു പുതിയ വിധിയാണ്.

ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസ് നിലനില്‍ക്കുകയില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതി നേടിയത് എന്നത് വ്യക്തമായാല്‍ മാത്രമെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന കേസ് നിലനില്‍ക്കുകയുള്ളുവെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വ്യക്തമാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് കീഴ് കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇടുക്കി സ്വദേശി രാമചന്ദ്രന്‍ (ചന്ദ്രന്‍ 35) നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി. ജീവപര്യന്തം തടവ് കോടതി റദ്ദാക്കുകയും ചെയ്തു.

ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം പ്രതി പ്രണയത്തിലായിരുന്നു. ക്ഷേത്രത്തില്‍വെച്ച് വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2014 ഏപില്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലായിരുന്നു ഇത്. ഇതിന് പിന്നാലെ ഏപ്രില്‍ എട്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി പരാതി നല്‍കുന്നതും പ്രതി അറസ്റ്റിലാകുന്നതും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് കാരണമായിരുന്നു പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ കഴിയാത്തതെന്നായിരുന്നു ഇയാളുടെ വാദം.

ഇതില്‍ കോടതി കണ്ടെത്തിയ ചില കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്. ബലപ്രയോഗത്തിലൂടെയായിരുന്നു ശാരീരിക ബന്ധം എന്ന പരാതി യുവതി ഉന്നയിച്ചിരുന്നില്ല. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു യുവതിയുടെ അനുമതി നേടിയത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നില്ല. ശാരീരിക ബന്ധം ഉണ്ടായതിന് പിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരിക ബന്ധം എന്ന നിഗമനത്തില്‍ എത്താനാകില്ല. ഇരുവരും തമ്മില്‍ 10 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹത്തിനായി തയ്യാറെടുക്കുന്നതിന് മുന്നോടിയായി മാത്രമാണ് ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടാകുന്നത്. സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്ന് തെളിവില്‍ നിന്ന് തന്നെ വ്യക്തമാണ്.

വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാണ്. പക്ഷെ, വീട്ടുകാരുടെ എതിര്‍പ്പ് കാരണം ആ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍, ഇതിനെ വാഗ്ദാന ലംഘനം എന്ന നിലയില്‍ മാത്രമെ കാണാനാകൂവെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഈ കേസിന് സമാനമായിരിക്കും വിവാഹ വാഗ്ദാന പീഡന കേസിലെ എല്ലാ തെളിവുകളും. പെണ്‍കുട്ടികള്‍ വിശ്വസിച്ച് തന്നെയാണ് സ്വയം അവരെ തന്നെ സമര്‍പിക്കുന്നത്. പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന് അറിയുന്ന പക്ഷം അവള്‍ മാനസികമായി തകരും. പിന്നീട് നിയമ സഹായത്തിനായി അലയും. പക്ഷെ, കോടതികള്‍ക്ക് മുന്നില്‍ തെളിവാണ് പ്രധാനം. പീഡനമെന്ന് തെളിയിക്കാന്‍ അവളുടെ കൈവശം ഒന്നുമുണ്ടാകില്ല. തനിക്ക് തന്ന ഉറപ്പില്‍ അവള്‍ വിശ്വസിച്ചവന്‍ ഒന്നുമറിയാത്തവനെ പോലെ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കും. പ്രണയവും വിവാഹവും പതിവാണ്. എന്നാല്‍, വിവിഹാ വാഗ്ദാനം നല്‍കിയുള്ള പീഡനമെന്നാല്‍ അതൊരു കേസല്ലാതായിരിക്കുന്നുവെന്ന് ഓരോ പെണ്‍കുട്ടികളും അറിയേണ്ടതാണിനിയെങ്കിലും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

Contributor - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News