ക്രിക്കറ്റില്‍ വീണ്ടും കൈകൊടുത്ത് ഇന്ത്യ പാക് താരങ്ങള്‍

ഇരുടീമുകളിലേയും കളിക്കാര്‍ തമ്മിലുള്ള ഊഷ്മള സൗഹൃദം പുതുക്കാനുള്ള വേദികൂടിയായി മാറുകയാണ് ദുബൈയിലെ ഏഷ്യ കപ്പ് വേദി. കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താന്‍ മത്സരം 19നാണ്.

Update: 2018-09-15 05:48 GMT
Advertising

ഇന്ത്യയും പാകിസ്താനും ഒരിടവേളക്കു ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ മൈതാനത്തിന് പുറത്ത് പൂക്കുന്നത് സൗഹൃദങ്ങളാണ്. ഇരുടീമുകളിലേയും കളിക്കാര്‍ തമ്മിലുള്ള ഊഷ്മള സൗഹൃദം പുതുക്കാനുള്ള വേദികൂടിയായി മാറുകയാണ് ദുബൈയിലെ ഏഷ്യ കപ്പ് വേദി. കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താന്‍ മത്സരം 19നാണ്.

ഇന്ത്യയും പാകിസ്താനും അടങ്ങുന്ന ഗ്രൂപിലെ ദുര്‍ബലരായ ഹോങ്കോങിനെതിരെയാണ് 18ന് ഇന്ത്യയുടെ മത്സരം. ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇന്ത്യന്‍ ടീം ദുബൈയിലെത്തി. പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിലേക്ക് അപ്രതീക്ഷിതമായി ഒരതിഥിയെത്തി. മുന്‍ പാകിസ്താന്‍ ക്യാപ്റ്റനായ ഷുഹൈബ് മാലിക്കായിരുന്നു ഇന്ത്യന്‍ ക്യാമ്പിലെത്തിയത്. ധോണിക്ക് കൈകൊടുത്ത് സൗഹൃദം പുതുക്കാനായിരുന്നു ഷുഹൈബ് മാലിക്ക് എത്തിയത്.

കളിക്കളത്തില്‍ ബദ്ധവൈരികളായി തുടരുമ്പോഴും പുറത്ത് സൗഹൃദത്തിന് കുറവുവരുത്താത്ത രീതി ഇന്ത്യ പാക് താരങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ പരിശീലക ക്യാമ്പിലെത്തി കൈകൊടുത്ത് സംസാരിച്ച ഷുഹൈബ് മാലിക്കും ധോണിയും ഈ രീതിയുടെ തുടര്‍ച്ചക്കാരായി മാറുകയാണ്. ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയമിര്‍സയുടെ ജീവിത പങ്കാളി കൂടിയാണ് ഷുഹൈബ് മാലിക്ക്.

വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ഏഷ്യ കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയും സംഘവും 1-4ന് പരാജയപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങളുടെ ഇടവേളയിലാണ് ഇംഗ്ലണ്ട് പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ ദുബൈയിലെത്തിയത്. ധോണിക്ക് പുറമേ അംബാട്ടി റായിഡു, മനീഷ് പാണ്ഡേ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, യുസ്#വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ്മ എന്നിവരാണ് ദുബൈയില്‍ പരിശീലനത്തിനിറങ്ങിയത്.

Tags:    

Similar News