ഐ.പി.എല്‍; ലേലത്തിന് മുന്നെ മുംബൈയുടെ നീക്കം; ഓപ്പണിങ് സ്ഥാനത്തേക്ക് പുതിയൊരാള്‍   

Update: 2018-10-20 03:50 GMT
Advertising

2019 ഐപിഎല്‍ ടൂര്‍ണമെന്റിനുള്ള ലേലം തുടങ്ങും മുമ്പെ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കളത്തിലേക്ക്. നിലവില്‍ ടീമിലുള്ള രണ്ട് കളിക്കാരെ വിട്ട് പുതിയൊരാളെ എത്തിക്കാനാണ് മുംബൈ ഒരുങ്ങുന്നത്. സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും നിലവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ ക്വിന്റണ്‍ ഡി കോക്കിനെയാണ് മുംബൈ ലക്ഷ്യമിടുന്നത്. 2018ല്‍ 2.8 കോടിക്കാണ് ബാംഗ്ലൂര്‍ ഡികോക്കിനെ സ്വന്തമാക്കുന്നത്.

എട്ട് മത്സരങ്ങളില്‍ നിന്ന് താരത്തിന് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കാനായത്. 124.07 സ്‌ട്രേക്ക് റൈറ്റില്‍ 201 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍(2.2കോടി) ശ്രീലങ്കയുടെ അഖില ദനഞ്ജയ(50 ലക്ഷം) എന്നിവരെ വിട്ടുകൊടുത്ത് ഡികോക്കിനെ സ്വന്തമാക്കാനാണ് മുംബൈയുടെ പദ്ധതി. മുംബൈ നിരയില്‍ നിലവില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, ഇഷന്‍ കിഷനും ആദിത്യ താരയും. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോക്കിനെ കൊണ്ടുവരാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ എവിന്‍ ലെവിസ് ആണ് മുംബൈക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ താരത്തിന് തിളങ്ങാനായിരുന്നില്ല. പ്രതീക്ഷിച്ച തുടക്കവും ലഭിച്ചില്ല.

ബാംഗ്ലൂരിന് പുറമെ ഡല്‍ഹി ഡയര്‍ഡെവിള്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഡികോക്ക് ബാറ്റേന്തിയിട്ടുണ്ട്. ഡിസംബര്‍ പകുതിയില്‍ ഗോവയിലാവും ഐപിഎല്‍ 2019ലേക്കുള്ള കളിക്കാരുടെ ലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

Tags:    

Similar News