കാവ്യയുടെ ശബ്ദരേഖ കേൾപിച്ചപ്പോൾ ദിലീപിന് മറുപടിയുണ്ടായിരുന്നില്ല- ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യലിനെക്കുറിച്ച് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഗുൽഷൻ എന്നു പേരുള്ള ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്ന കാര്യം പൊലീസ് ദിലീപിനോട് ചോദിച്ചിരുന്നു

Update: 2022-03-31 07:38 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലും കാവ്യാ മാധവന്റെ പങ്കിലേക്ക് സൂചന നൽകി സംവിധായകൻ ബാലചന്ദ്രകുമാർ. കഴിഞ്ഞ ദിവസം ഒപ്പമിരുത്തി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കാവ്യയുടെ ശബ്ദരേഖ പൊലീസ് കേൾപ്പിച്ചിരുന്നു. എന്നാൽ, ദിലീപിന് മറുപടിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

താനും ദിലീപും ഒപ്പം ഇരിക്കുമ്പോഴാണ് അവിടെ കാവ്യയുടേതടക്കമുള്ള ശബ്ദരേഖ കേൾപ്പിച്ചത്. ശബ്ദരേഖയിൽ ദിലീപും കാവ്യയും ദിലീപിന്റെ അളിയനും ശരതും സംസാരിക്കുന്നുണ്ട്. നാലുപേരുടെയും ഒരുമിച്ചുള്ള ഓഡിയോ ആണ്. അതിന് അവിടെ ദിലീപ് മറുപടി പറഞ്ഞിട്ടില്ല-ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടി.വി എഡിറ്റേഴ്‌സ് അവറിൽ ചൂണ്ടിക്കാട്ടി.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സർക്കാർ അനുമതി തേടിയിരിക്കുകയാണ്. അടുത്തയാഴ്ച കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

വധഗൂഢാലോചന കേസ് എഫ്.ഐ.ആർ റദ്ദാക്കണം എന്ന ദിലീപിന്റെ ഹരജി തീർപ്പായ ശേഷം കൂടുതൽപേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.

രണ്ടു കേസുകളിലും നിർണായക സാക്ഷിയാണ് കാവ്യ. എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി സർക്കാർ അനുമതിയോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ വേണ്ടിയായിരുന്നോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും അന്വേഷിക്കും. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണവിധേയമാണ്. ഗുൽഷൻ എന്ന് പേരുള്ള ഇറാൻ സ്വദേശിയെ ദുബായിൽ വച്ച് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരിക്കാം എന്നായിരുന്നു ദിലീപ് മറുപടി നൽകിയത്. ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

Summary: Kavya Madhavan's audio recording was played there; Dileep did not have an answer, says director Balachandra Kumar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News