പ്രണയിക്കണം, പക്ഷേ പഠനത്തെ ബാധിക്കരുത്, വിദ്യാര്‍ഥികള്‍ക്ക് രാം ചരണിന്റെ ഉപദേശം
ഹൈദരാബാദ്, മല്ല റെഡ്ഡി കോളേജിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എല്ലാ വിദ്യാര്‍ഥികളും പഠനത്തെയും കരിയറിനെയും ബാധിക്കാത്ത വിധത്തില്‍ പ്രണയിക്കണമെന്നാണ് തന്റെ ഉപദേശമെന്ന് തെലുങ്ക് താരം രാംചരണ്‍. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം. ഒന്നും നിങ്ങളുടെ ലക്ഷ്യത്തെ ശല്യം ചയ്യാന്‍ അനുവദിക്കരുത്. കുടുംബം,വിദ്യാഭ്യാസം,ആരോഗ്യം,പ്രണയം, വിവാഹം എന്നീ അഞ്ച് കാര്യങ്ങളില്‍ വിശ്വസിക്കണമെന്നും മറ്റുള്ളവര്‍ പ്രചോദനമാകണമെന്നും രാം ചരണ്‍ പറഞ്ഞു. ഹൈദരാബാദ്, മല്ല റെഡ്ഡി കോളേജിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദത്തിന് ശേഷം ഒരിക്കലും വിവാഹത്തെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങളുടെ മാതാപിതാക്കള്‍ അതിനായി നിങ്ങളെ നിര്‍ബന്ധിക്കുമെന്നറിയാം. ആദ്യം നല്ലൊരു ജോലി നേടുക,അതിന് ശേഷം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക. വിധിയില്‍ വിശ്വാസമുണ്ടെങ്കില്‍ ദൈവം നിങ്ങള്‍ക്കായി നല്ലൊരു പങ്കാളിയെ അയക്കും. യാതൊരു കണക്ക് കൂട്ടലുകളുമില്ലാതെയാണ് ഞാന്‍ ഉപാസനയെ വിവാഹം ചെയ്തത്. കുടുംബങ്ങളുടെ അന്തസ് ഒന്നും ഞങ്ങള്‍ പരസ്പരം നോക്കിയില്ല. ഞാനവള്‍ക്ക് നിബന്ധനകളില്ലാത്ത സ്നേഹം നല്‍കി, അതാണ് ഞങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, എന്റെ ഇരുപതാമത്തെ വയസിലാണ് ജീവിതത്തിലെ വഴിത്തിരിവായ സംഭവം നടന്നത്. പഠനത്തില്‍ ഞാന്‍ ഉഴപ്പനായിരുന്നു, എന്റെ അമ്മ അതെക്കുറിച്ച് ഓര്‍ത്ത് എപ്പോഴും ടെന്‍ഷനടിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അമ്മാവനായ പവന്‍ കല്യാണിന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച മണിക്കൂറുകളാണ് എന്നെ മാറ്റിയത്. കഠിനാധ്വാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എന്നോടു സംസാരിച്ചു, ആ വാക്കുകളാണ് എന്നെ സ്വാധീനിച്ചത്..രാം ചരണ്‍ പറഞ്ഞു.