ഒരേയൊരു മുരളി, ഓര്‍മ്മകളില്‍ മറഞ്ഞിട്ട് ഏഴ് വര്‍ഷം
നായകന്‍, പ്രതിനായകന്‍,വില്ലന്‍,രാഷ്ട്രീയക്കാരന്‍, അച്ഛന്‍,മുത്തച്ഛന്‍,കാമുകന്‍ മുരളി ആടിയ വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശമുണ്ടായിരുന്നു.
മലയാള സിനിമയിലെ ക്ഷോഭിക്കുന്ന നടന്‍, ആയിരം മുഖങ്ങള്‍, ആയിരം ഭാവങ്ങള്‍..മുരളി ഒരു രവമായിട്ടല്ല, ഗര്‍ജ്ജനമായി തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു. ഒരു പ്രത്യേക കാറ്റഗറിയില്‍ അല്ലെങ്കില്‍ ഒരു വേഷത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതായിരുന്നില്ല ആ നടന വൈഭവത്തെ, പ്രതീക്ഷകളും ചിന്തകളെയും കാറ്റില്‍ പറത്തി മുരളി ആരൊക്കെയായി നമുക്ക് മുന്നിലെത്തുകയായിരുന്നു. നായകന്‍, പ്രതിനായകന്‍,വില്ലന്‍,രാഷ്ട്രീയക്കാരന്‍, അച്ഛന്‍,മുത്തച്ഛന്‍,കാമുകന്‍ മുരളി ആടിയ വേഷങ്ങളിലെല്ലാം ഒരു മുരളി സ്പര്‍ശമുണ്ടായിരുന്നു. പകരം വയ്ക്കാനാവാത്ത നടന വൈഭവത്തിന്റെ സ്പര്‍ശം. ഇന്ന് ആഗസ്ത് 6 മുരളി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷികകുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25 നായിരുന്നു മുരളിയുടെ ജനനം. കുടവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയില്‍ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു.
കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്‌കൂള്‍. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലാണ് മുരളി പഠിച്ചത്. കോളജില്‍വച്ച് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയില്‍ എല്‍.എല്‍.ബി. പാസായി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായും പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി.
കുടവട്ടൂര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം. വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി മുരളി പകര്‍ന്നാടിയ വേഷങ്ങള്‍ പലതായിരുന്നു. നെയ്ത്തകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള പുരസ്കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ വേറെയും. 2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.
ജീവിതത്തിന്റെ അവസാന പത്തുവര്‍ഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, 2009 ഓഗസ്റ്റ് 6 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി.