നല്ല ചോദ്യങ്ങള്‍ ചോദിക്കൂ..വിവാഹ ഗോസിപ്പുകളെക്കുറിച്ച് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രണ്‍വീര്‍
നല്ല ചോദ്യങ്ങള്‍ ചോദിക്കൂ, അബദ്ധങ്ങള്‍ സംസാരിക്കാതിരിക്കൂ എന്നായിരുന്നു വിവാഹമെന്നാണെന്ന ചോദ്യത്തിനുള്ള രണ്‍വീറിന്റെ ഉത്തരം
ദീപികയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. നല്ല ചോദ്യങ്ങള്‍ ചോദിക്കൂ, അബദ്ധങ്ങള്‍ സംസാരിക്കാതിരിക്കൂ എന്നായിരുന്നു വിവാഹമെന്നാണെന്ന ചോദ്യത്തിനുള്ള രണ്‍വീറിന്റെ ഉത്തരം.
ഇര്‍ഫാന്‍ ഖാന്‍ നായകനായ മദാരിയുടെ പ്രത്യേക ഷോ കാണാനെത്തിയതായിരുന്നു രണ്‍വീറും നടി ദീപിക പദുക്കോണും. ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ചാടി വീണു. വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ദീപികയോട് ചോദിച്ചപ്പോള്‍ നമുക്ക് പോകാമെന്നായിരുന്നു രണ്‍വീറിന്റെ മറുപടി, താങ്ക്സ് ബൈ എന്ന് പറഞ്ഞ് ദീപികയും തിരിച്ചുപോകാനൊരുങ്ങി. എന്നാല്‍ വിടാതെ പിന്തുടര്‍ന്ന പാപ്പരാസികള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതെ ഇന്നിവിടെ പ്രദര്‍ശിപ്പിച്ച സിനിമയെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കൂ...എന്ന് രണ്‍വീര്‍ പറഞ്ഞു. നല്ല ചോദ്യങ്ങള്‍ ചോദിക്കൂ, അത് നിങ്ങളോടുള്ള എന്റെ അപേക്ഷയാണെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയില്‍ വിവാഹത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ദീപികയും രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞിരുന്നു. എല്ലാം വ്യക്തമാക്കാന്‍ ഇതാണ് കൃത്യസമയം എന്ന് തോന്നുന്നു. ഞാന്‍ ഗര്‍ഭിണിയല്ല, എനിക്ക് ഒരു കുഞ്ഞുമില്ല, എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല. ഞാന്‍ വിവാഹം കഴിഞ്ഞിട്ടില്ല, വിവാഹം കഴിക്കാന്‍ ഒരു പ്ലാനുമില്ലെന്നും ദീപിക പറഞ്ഞു.