പരാജയ കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രിയദര്‍ശന്‍

Update: 2018-05-26 14:52 GMT
Editor : admin
പരാജയ കാലത്ത് മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രിയദര്‍ശന്‍
Advertising

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലും പ്രിയനും മനസ് തുറന്നത്

മലയാള സിനിമയിലെ ഏറ്റവും വലിയ സൌഹൃദത്തിന്റെ ഉടമകളായിരുന്നു മോളിവുഡിനെ എക്കാലത്തും പൊട്ടിച്ചിരിച്ചിപ്പിച്ച സിനിമകള്‍ നമുക്ക് നല്‍കിയത്. അനന്തപുരിയില്‍ നിന്നും വന്ന ആ സുഹൃത്തുക്കള്‍ അതിര്‍ത്തികള്‍ കടന്ന് പ്രേക്ഷകരെ കീഴടക്കിക്കൊണ്ടിരുന്നു. അതേ...പൊട്ടിച്ചിരിയുടെ കിലുക്കങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശനും മോഹന്‍ലാലും തന്നെ. മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ് ഒപ്പം എന്ന ചിത്രത്തിലൂടെ. അന്ധനായി ലാല്‍ വേഷമിടുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ കൂടിയാണ്. സൌഹൃദം, പരാജയം, പുതിയ സിനിമ എന്നിവയെക്കുറിച്ച് മോഹന്‍ലാലിനും പ്രിയനും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാലും പ്രിയനും മനസ് തുറന്നത്.

പ്രിയദര്‍ശന്‍- കോളേജ് കാലഘട്ടത്തില്‍ സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നെങ്കിലും അവിചാരിതമായിട്ടാണ് ഞങ്ങള്‍ രണ്ട് പേരും സിനിമയിലെത്തുന്നത്. ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങുമ്പോഴെ ലാല്‍ ഒരു നടനായിക്കഴിഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ലാലിനെ തെരഞ്ഞെടുത്ത സമയമായിരുന്നു അത്. ഫാസിലിനെയും ജിജോ പുന്നൂസിനെയും കണ്ടപ്പോള്‍ അവരെന്നോടും തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു. ലാലിനൊപ്പം ഹോട്ടലിലും ലോഡ്ജിലുമൊക്കെ ആയിരുന്നു എന്റെ താമസം. കാരണം ചെന്നൈയിലെ അക്കാലത്തെ ചെലവ് എനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. പലപ്പോഴും ലാല്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു എന്റെ കരിയറിലെ വഴിത്തിരിവായ സിനിമയ അപ്പോഴേക്കും മോഹന്‍ലാല്‍ ഒരു ജനപ്രിയ താരമായിക്കഴിഞ്ഞിരുന്നു. എന്നെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയത്. ഭാഗ്യവശാല്‍ അക്കാലത്ത് ഞങ്ങള്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി. ആദ്യ സിനിമ മുതല്‍ ഇന്നുവരെ ലാല്‍ ഒരിക്കല്‍ പോലും എന്നോട് സിനിമയുടെ പൂര്‍ണ്ണമായ കഥ ചോദിച്ചിട്ടില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം ഉത്തരവാദിത്തമുണ്ടായിരുന്നു. അതാണ് ഞങ്ങളുടെ സൌഹൃദത്തിന്റെ രഹസ്യവും.

മോഹന്‍ലാല്‍- പൂജപ്പുരയില്‍ അടുത്തടുത്ത വീടുകളിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാവുന്നവരായിരുന്നു ഞങ്ങള്‍. സൌഹൃദമെന്നാല്‍ ഒരാളെ അയാളുടെ എല്ലാം നന്‍‌മ,തിന്‍മകളോടു കൂടിയും അംഗീകരിക്കുക എന്നതാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. പ്രിയനൊപ്പമുള്ള നാല്‍പതാമത്തെ ചിത്രമാണ് ഒപ്പം. പ്രിയന്റെ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഒരു അഭിനേതാവിനെയും സംവിധായകനെയും സംബന്ധിച്ചിടത്തോളും വിജയങ്ങളും പരാജയങ്ങളു ഉണ്ടാകും. രണ്ടോ,മൂന്നോ ചിത്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് കരുതി പ്രിയന്‍ മികച്ച സംവിധായകന്‍ അല്ലാതാകുന്നില്ല. അദ്ദേഹം ഇപ്പോഴും രാജ്യത്തെ മികച്ച സംവിധായകരിലൊരാളാണ്. ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം, ഞങ്ങള്‍ തമ്മില്‍ ഒരു കെമിസ്ട്രി ഉണ്ട്. പ്രിയന്‍ ഒരിക്കലും ഒരു മോശം ചിത്രം ചെയ്യാറില്ല, അതുകൊണ്ടാണ് ഒന്നും ചോദിക്കാതെ ഞാന്‍ പ്രിയന് ഡേറ്റ് നല്‍കുന്നത്.

പ്രിയദര്‍ശന്‍- മോഹന്‍ലാലിന്റെ പല ചിത്രങ്ങളും ഞാന്‍ അന്യഭാഷകളില്‍ ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹം അഭിനയിച്ചതുപോലെ അഭിനയിക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിക്കാറില്ല. ലാലിന്റെ കാര്യമെടുത്താല്‍ ഒരു സിനിമ ഹിറ്റായാല്‍ അമിതമായി സന്തോഷിക്കുകയോ പരാജയപ്പെട്ടാല്‍ ദുംഖിക്കുകയോ ചെയ്യാറില്ല. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. ഒരിക്കലും സ്വാര്‍ഥനായ ആളല്ല ലാല്‍. ബോയിംഗ് ബോയിംഗിന്റെ സെറ്റില്‍ വച്ച് അദ്ദേഹത്തിന്റെ അഭിനയത്തിനൊപ്പം മുകേഷിന്റെ രംഗവും നന്നാക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മറ്റ് താരങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായും പുറത്തെടുക്കാന്‍ ലാല്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളില്‍ ലാലിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.

മോഹന്‍ലാല്‍- ശരിയാണ് മറ്റ് നടീനടന്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മുടെ പ്രകടനവും നന്നാവും. ഒരു സീന്‍ എത്രത്തോളം നന്നാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ പ്രകടനം നന്നാക്കാന്‍ ഞാന്‍ സഹായിക്കാറുണ്ട്. അതൊരു പരസ്പര ബഹുമാനത്തിന്റെ ഭാഗമാണ്. അമ്പിളിച്ചേട്ടനും വേണുച്ചേട്ടനുമായും ഇത്തരത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

പ്രിയദര്‍ശന്‍- എന്റെ പഴയ കാല ചിത്രങ്ങളില്‍ ഒരു പ്രത്യേക കെമിസ്ട്രിയുള്ള ഒരു ടീം തന്നെയുണ്ടായിരുന്നു. പപ്പുവേട്ടന്‍, ജഗതി, തിലകന്‍ തുടങ്ങിയവര്‍. ഇന്ന് ഞാനവരെ മിസ് ചെയ്യുന്നുണ്ട്. ഒപ്പത്തില്‍ ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ്, കണാരന്‍ ഹരീഷ് എന്നിവരാണ് ഉള്ളത്. മുന്‍പ് ജഗതിയേയും ശ്രീനിവാസനെയും മനസില്‍ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതാറുള്ളത്. പുതിയ തലമുറയിലെ താരങ്ങള്‍ക്കും അവരുടേതായ ശൈലിയുണ്ടെന്നും ഞാന്‍ മനസിലാക്കുന്നുണ്ട്.

മോഹന്‍ലാല്‍- അമ്പിളിച്ചേട്ടനുണ്ടായ അപകടം എല്ലാവരെയും പോലെ എനിക്കും ഷോക്കായിരുന്നു. തന്റെ സിനിമകളില്‍ അമ്പിളിച്ചേട്ടനുണ്ടാകണമെന്ന് പല സംവിധായകരും ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കാന നമുക്ക് കഴിയൂ.

പ്രിയദര്‍ശന്‍- കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ഇക്കാലത്തെല്ലാം ലാല്‍ ആയിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും ഓടി. പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, 'അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്'. അത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും അതൊരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നി. ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. ഞാന്‍ പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് അന്നങ്ങനെ പറഞ്ഞതെന്ന്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്.

തൊണ്ണൂറുകളുടെ അവസാനവും കരിയറില്‍ എനിക്കൊരു മോശം കാലമുണ്ടായി. അത് ബോളിവുഡില്‍ ആയിരുന്നു എന്നുമാത്രം. അന്നും ലാല്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ഒരു ഇടവേള സ്വയം നിശ്ചയിച്ചു. പിന്നീട് ചെയ്യുന്ന സിനിമ ഹേരാ ഫേരിയാണ്. 91 സിനിമകള്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍- ഒരു സിനിമ ഹിറ്റാവണമെന്ന് ആര്‍ക്കും ഒരു ഗ്യാരണ്ടിയും നല്‍കാന്‍ സാധിക്കില്ല. സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍, കട്ട് എന്നിവക്കിടയിലാണ് എന്റെ ജോലി. ഇതിനിടയില്‍ ആത്മാര്‍ഥതയൊടെ ജോലി ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

പ്രിയദര്‍ശന്‍- പ്രതീക്ഷകളാണ് ഏറ്റവും വലിയ പ്രശ്നം. ഇന്നത്തെ കാലത്ത് എനിക്കൊരു പ്രണയസിനിമ ചെയ്യാനാവുമെന്ന് തോന്നുന്നില്ല. കാരണം ഇന്നത്തെ പ്രണയം എന്താണെന്ന് എനിക്കറിയില്ല. പ്രേക്ഷകര്‍ മറ്റൊരു കാര്യം കൂടെ മനസിലാക്കണം. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കിലുക്കം, താളവട്ടം, ചിത്രം തുടങ്ങിയ സിനിമകളൊന്നും ഇന്ന് ചെയ്യാനാവുമെന്നും തോന്നുന്നില്ല. മൊബൈല്‍ ഫോണ്‍ എന്ന ഒറ്റക്കാരണമാണ് അതിന് പിന്നില്‍. പുതുതായി സിനിമ ചെയ്യാന്‍ തോന്നുന്ന ആശയങ്ങള്‍ ചെറുപ്പക്കാരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവരുടെ മറുപടി എന്തെന്ന് കേള്‍ക്കും. സ്വാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയല്ലാത്ത ചില സിനിമകളും എഴുതേണ്ടിവന്നിട്ടുണ്ട്. എന്നെത്തന്നെ ആവര്‍ത്തിക്കാനുള്ള പ്രേരണയെക്കുറിച്ചും ഞാനിപ്പോള്‍ ബോധവാനാണ്. ഒരു ഫോര്‍മുല വിജയിക്കുമ്പോള്‍ അത് വീണ്ടും ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ ആ പിഴവുകളൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. അതില്‍നിന്നൊക്കെ വ്യത്യസ്തമായ സിനിമയായിരിക്കും 'ഒപ്പം'. പുതിയ തലമുറയിലുള്ളവര്‍ എന്റെ പഴയ സിനിമകളെ ഇഷ്ടപ്പെടുന്നു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News