ആദിയിലെ അമ്മ വേഷം തനിക്കൊട്ടും യോജിച്ചതായിരുന്നില്ലെന്ന് ലെന
ചിത്രം റിലീസ് ചെയ്തതിന് ശേഷം കരിയറില്‍ ആദ്യമായി വിമര്‍ശനങ്ങള്‍ കേട്ടുവെന്നും ലെന പറഞ്ഞു
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയിലെ അമ്മ വേഷം തനിക്കൊട്ടും യോജിച്ചതായിരുന്നില്ലെന്ന് നടി ലെന. ആ കഥാപാത്രം തനിക്ക് അണ്‍കംഫര്‍ട്ടബിളായിരുന്നു. എന്നാല്‍ വിക്രമാദിത്യനിലെയും എന്ന് നിന്റെ മൊയ്തീനിലെയും അമ്മ റോളുകളില്‍ താന്‍ കംഫര്‍ട്ട് ആയിരുന്നുവെന്നും ലെന ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതങ്ങിനെ സംഭവിച്ചുപോയതാണ്. അത് ഞാന്‍ സംവിധായകന്‍ ജീത്തു ജോസഫിനോട് പറയുകയും ചെയ്തു. എന്നാല്‍ താന്‍ ഉദ്ദേശിച്ച പോലെയാണ് ഞാന്‍ അഭിനയിച്ചതെന്നായിരുന്നു ജീത്തുവിന്റെ മറുപടി. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷം എന്റെ കരിയറില്‍ ആദ്യമായി വിമര്‍ശനങ്ങള്‍ കേട്ടുവെന്നും ലെന പറഞ്ഞു. പ്രണവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെയധികം കഠിനാധ്വാനിയാണ്. അഭിനയം വളരെ സ്വഭാവികമായി സംഭവിക്കുന്നതാണ്. അത് അദ്ദേഹത്തിന്റെ ജീനിലുണ്ട്. പൂര്‍ണ്ണതയ്ക്ക് വേണ്ടി എത്ര വര്‍ക്ക് ചെയ്യാനും മടിയില്ല. അതേസമയം വളരെ നാണക്കാരനുമാണ് പ്രണവെന്നും ലെന കൂട്ടിച്ചേര്‍ത്തു.
ശരീരഭാരം കുറച്ചതിന് ശേഷം നിരവധി വ്യത്യസ്തമായ റോളുകള്‍ തന്നെ തേടിവരുന്നുണ്ടെന്ന് ലെന പറഞ്ഞു. ശ്രീനിവാസന്റെ തിരക്കഥയിലുള്ള പവിയേട്ടന്റെ മധുരച്ചൂരലാണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. അതൊരു ടിപ്പിക്കല്‍ ശ്രീനിയേട്ടന്‍ മൂവിയാണ്. ഞാനും ശ്രീനിയേട്ടനുമാണ് നായികാനായകന്‍മാര്‍. ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം വളരെ വ്യത്യസ്തമാണ് അതും ആഗസ്തില്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കുഞ്ചാക്കോ ബോബനൊപ്പം ജോണി ജോണി യെസ് പപ്പാ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.