‘ഹലോ വിനീത് ശ്രീനിവാസനാണോ...’- വിളി കേട്ട് മടുത്ത് വിഷ്ണു; ഒടുവിൽ തിരുത്തുമായി ‘ഒറിജിനൽ’ വിനീത് ശ്രീനിവാസൻ
നിങ്ങളെ ദിവസവും വിളിച്ച് വിനീത് ശ്രീനിവാസനാണോ എന്ന് വിളിച്ച് ശല്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും? ഇതേ അവസ്ഥയിലാണ് ചെർപ്പുളശ്ശേരിക്കാരനായ വിഷ്ണു പ്രസാദ്. ഒടുവിൽ ഗത്യന്തരമില്ലാതെ തന്റെ പ്രശ്നം മലയാളത്തിലെ പ്രമുഖ സിനിമാ ഗ്രൂപ്പുകളിലൊന്നായ സിനിമ പാരഡൈസോ ക്ലബിൽ അവതരിപ്പിച്ചു, അതിന് ഒടുവിൽ ‘ഒറിജിനൽ’ വിനീത് ശ്രീനിവാസന്റെ കയ്യിൽ നിന്നും തന്നെ തിരുത്ത് ലഭിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് എടുത്ത കണക്ഷൻ പിന്നീട് കമ്പനി കട്ട് ചെയ്യുകയും ശേഷം അതെ നമ്പർ വർഷങ്ങൾക്ക് ശേഷം വിഷ്ണുവിന് ലഭിക്കുകയൂം ചെയ്യുകയാണുണ്ടായത്. വിഷ്ണുവിന് ലഭിക്കുന്ന ഏകദേശം എല്ലാ ഫോൺ വിളികളും പലപ്പോഴും കരഞ്ഞ് കൊണ്ടും സങ്കടം കൊണ്ടുമാണെന്നാണ് വിഷ്ണു പറയുന്നത്. ദയവ് ചെയ്ത് വിനീത് ശ്രീനിവാസന് ഫോൺ കൊടുക്കണമെന്ന് കാല് പിടിച്ച് പറഞ്ഞ നിരവധി പേരുണ്ട്. ഏറ്റവും ഒടുവിൽ ഒരാൾ വിളിച്ച് കരഞ്ഞ് കൊണ്ട്, 'എന്റെ ജീവിതമാ സാറേ, ദൈവത്തെ ഓർത്തു വിനീത് സാറിനു ഫോൺ കൊടുക്കണേ എന്നൊക്കെ" വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പറയാൻ തീരുമാനിച്ചതെന്ന് വിഷ്ണു പറയുന്നു. ഇത് വഴി വിനീത് ശ്രീനിവാസനിൽ കാര്യം എത്തുകയും അദ്ദേഹം ഔദ്യോഗികമായി തന്നെ തിരുത്തുകയും ചെയ്യും എന്ന ധാരണയിലാണ് അങ്ങനെ ചെയ്തെതെന്ന് വിഷ്ണു പറയുന്നു.
ഒടുവിൽ കാര്യങ്ങളെല്ലാം അറിഞ്ഞ വിനീത് ശ്രീനിവാസൻ തന്റെ ഔദ്യോഗികമായ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ തിരുത്തുമായി വന്നിരിക്കുകയാണ്. താൻ കാരണം ബുദ്ധിമുട്ട് അനുഭവിച്ചതിന് വിഷ്ണുവിനോട് മാപ്പും പറഞ്ഞിട്ടുണ്ട് വിനീത് ശ്രീനിവാസൻ. തന്റെ പേരിലുള്ള Vineeth_Sree എന്ന ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ഏതായാലും ഈ ഫോൺ നമ്പർ കാരണമുള്ള ബുദ്ധിമുട്ട് ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഇപ്പോൾ.