“അയാളെ മേയ്ക്കാന്‍ മാത്രം ഒരു അസി. ഡയറക്ടറെ വച്ചു”; അലന്‍സിയര്‍ക്കെതിരായ വെളിപ്പെടുത്തല്‍ സത്യമെന്ന് സംവിധായകന്‍

സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാ മനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നതെന്ന് സംവിധായകന്‍ ജൂബിത്ത്

Update: 2018-10-17 09:20 GMT
Advertising

അലന്‍സിയറില്‍ നിന്നുണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞ നടി ദിവ്യ ഗോപിനാഥിന് പിന്തുണയുമായി സംവിധായകന്‍ ജൂബിത്ത് നമ്രദത്ത്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് ദിവ്യ പറഞ്ഞത്. ദിവ്യ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും അലന്‍സിയറെ മേയ്ക്കാന്‍ മാത്രം സെറ്റില്‍ ഒരു അസിസ്റ്റന്‍റ് ഡയറക്ടറെ വെയ്ക്കേണ്ടിവന്നെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാ മനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നതെന്നും ഇന്ന് അലന്‍സിയര്‍, നാളെ ആ സൂപ്പര്‍ താരങ്ങളാകട്ടെയെന്നും ജൂബിത്ത് പറഞ്ഞു.

ये भी पà¥�ें- അലന്‍സിയര്‍ക്കെതിരായ മീ ടൂ: ആ നടി ഞാനാണ്; യുവതിയുടെ ഫേസ്ബുക് ലൈവ്

ജൂബിത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം

Divya Gopinath എഴുതിയ വാക്കുകളും പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവർത്തിച്ചു കൊള്ളട്ടെ. അവൾക്കൊപ്പം തന്നെയാണ് ആഭാസത്തിൽ വർക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും.

ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളിൽ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയിൽ തെറ്റു പറ്റി പോയെന്നും, വാതിലിൽ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂർണമായും ശരിയല്ലെന്നുമുള്ള അലൻസിയറുടെ വാദങ്ങൾ വായിച്ചു, മലയാള മനോരമയുടെ ന്യൂസ് ടീവി പേജിൽ.

സെറ്റ് രസകരമായത്, വാർപ്പുമാതൃകകൾക്ക് പിറകെ പോകാതെ നിൽക്കുന്ന ഒരു വലിയ ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. പ്രൊഡ്യൂസറുടെയും, പ്രൊഡക്ഷൻ ടീമിന്റെയും, direction ടീമിലെ ഓരോരുത്തരുടെയും, ക്യാമറ ടീമിൻെറയും, നടീ നടന്മാരുടേയും, മറ്റെല്ലാവരുടെയും നിതാന്ത പരിശ്രമം കൊണ്ടു കൂടിയാണ്. അലൻസിയർ ചെയ്തത് ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ്.

Costume ഡിസൈനർക്കും, അസിസ്റ്റന്റ് ഡയറക്ടറുമാർക്കും, അന്യോന്യം സുഹൃത്തുക്കൾക്കും, നടിമാരുടെയോ, മറ്റു സ്ത്രീ technician'മാരുടെയോ മുറികളിൽ പോകാൻ വേറെ പ്രോട്ടോകോൾ ഒന്നും ആലോചിക്കേണ്ടതില്ല. പ്രസ്തുത സ്ത്രീയുടെ അനുവാദം മതിയാകും. പക്ഷെ മദ്യപിച്ചു, വ്യക്തമായ ഉദ്ദേശത്തോടെ, അസമയത്ത് വാതിലിൽ കൊട്ടുന്നത്, തുറക്കാതെ വരുമ്പോൾ നിർത്താതെ കൊട്ടി കൊണ്ടിരിക്കുന്നത് predator മനോഭാവമല്ലാതെ പിന്നെന്താണ്? അടക്കാൻ മറന്ന് പോയ വാതിലിലൂടെ കയറി വന്ന് ബ്ലാന്കെറ്റിനടിയയിൽ കയറുന്നത് ഏത് തരത്തിലുള്ള മനോഭാവമാണ്?

മദ്യം ഇവിടെ വില്ലനല്ല. വില്ലൻ, മദ്യപാനിയുടെ ഉദ്ദേശങ്ങളാണ്. മദ്യപിച്ചു എന്നത് ഭാവിയിൽ മാപ്പ് പറയാൻ ഒരു കാരണം മാത്രം. സമീപ ഭാവിയിൽ തന്നെ ഇതെത്ര പേരിൽ നമ്മൾ കണ്ടിരിക്കുന്നു.

സൂപ്പർ താരങ്ങൾ സെറ്റുകളിൽ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലൻസിയറും വീണിരിക്കുന്നത്. ഇന്ന് അലൻസിയർ, നാളെ ആ സൂപ്പർ താരങ്ങളാകട്ടെ.

ഇന്നലത്തെ ന്യൂസ് 18 ചർച്ചയിൽ ഫോണിൽ വിളിച്ചു ബന്ധപ്പെട്ട റിപ്പോർട്ടർ ചോദിച്ചു, നിങ്ങൾ ഇത് അറിഞ്ഞപ്പോൾ എന്ത് ചെയ്തുവെന്ന്. അറിഞ്ഞപ്പോൾ ചെയ്യാൻ കഴിയുന്നത് ചെയ്‌തു എന്നാണ് ഉത്തരം. വളരെ സഭ്യതയോടെ താക്കീത് ചെയ്‌തു. അയാളെ മേയ്ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റൻറ് ഡയറക്ടറെ വെക്കേണ്ടി വന്നു. അയാൾ എവിടെ പോകുന്നു, ഏതു മുറിയിൽ, അവിടെ ആരൊക്കെയുണ്ട്‌ തുടങ്ങിയ ഇൻസ്പെക്ഷന് മാത്രമായി ഒരാൾ. അയാളുടെ തുടർന്നുള്ള പ്രവർത്തികളെ ഒരു പരിധി വരെ നയപരമായി തടയാൻ ഇത് സഹായിച്ചിരുന്നു. 3 കോടിക്ക് മീതെ മുടക്ക് മുതലുണ്ടായ ഒരു സിനിമയാണ് ആഭാസം. അത് സമയത്തു തീർക്കുക എന്നുള്ളതിനായിരുന്നു മുൻതൂക്കം. ആദ്യ സംവിധാന സംരംഭം ആയത് കൊണ്ട്, അതിന്റെ പരിചയകുറവും ഇതിന്റെ കൂടെ ചേർത്തു വായിക്കാം.

ഇപ്പോൾ എല്ലാവരും എല്ലാം അറിഞ്ഞു. എന്നിട്ടു നിങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഞാൻ തിരിച്ചു ചോദിക്കട്ടെ?

അലൻസിയറെ താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടർന്ന് ഷോട്ടുകൾക്കിടയിലെ ഒട്ടും പ്രൊഫഷണൽ അല്ലാത്ത സ്വഭാവങ്ങൾ. Schedule ഗ്യാപ് കഴിഞ്ഞു വരുമ്പോൾ മുടി പറ്റയടിച്ചു വന്ന്, continuity'യെ കാറ്റിൽ പറത്തുക. ചോദിക്കുമ്പോൾ "നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ" എന്നു തിരിച്ചു ചോദിക്കുക. കോമ്പിനേഷൻ സീനുകളിൽ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാൻ ചെല്ലുമ്പോൾ "ആഭാസമല്ലേ, അപ്പോൾ ഇങ്ങനെ ഒക്കെ ആകാം" എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകൾ, ഞങ്ങൾക്ക് വേണ്ട രീതിയിൽ ഒന്ന് തീർത്തെടുത്തത്.

അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ. ദിവ്യയുടെ തുറന്ന് പറച്ചിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം, മറ്റുള്ളവർ അവരവരുടെ സമയമെടുത്ത് പുറത്ത് വരും എന്ന് പ്രത്യാശിക്കട്ടെ.

#metoo കരുത്താർജിക്കട്ടെ.

Jubith Namradath

Press Statement Divya Gopinath എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവർത്തിച്ചു കൊള്ളട്ടെ....

Posted by Jubith Namradath on Wednesday, October 17, 2018
Tags:    

Writer - നാഹിദ ടി.എഫ്

Writer

Editor - നാഹിദ ടി.എഫ്

Writer

Web Desk - നാഹിദ ടി.എഫ്

Writer

Similar News