അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഉദ്ഘാടന ചടങ്ങോടെയാണ് 49മത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് കൊടിയേറിയത്. 

Update: 2018-11-20 14:33 GMT
Advertising

49 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. 68 രാജ്യങ്ങളില്‍ നിന്ന് 212 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഭയാനകവും ഈ.മ.യൗവും.

ഇന്ത്യന്‍ സിനിമയുടെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഉദ്ഘാടന ചടങ്ങോടെയാണ് 49മത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് കൊടിയേറിയത്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ‍്, സുദിന്‍ മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും ചടങ്ങിനെത്തി. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തുന്നത്. ജൂലിയന്‍ ലാന്‍ഡെയ്സ സംവിധാനം ചെയ്ത ദി ആസ്പേണ്‍ പേപ്പേഴ്സ് ആണ് ഉദ്ഘാടന ചിത്രം.

91മത് ഓസ്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശഭാഷാ ചിത്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 15 ചിത്രങ്ങളില്‍ ഭയാനകം, ഈ.മ.യൗ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നു. ആറ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്.

ഖേലോ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന സ്പോര്‍ട്സ് സിനിമകളില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 പ്രദര്‍ശിപ്പിക്കും. മേള നവംബര്‍ 28ന് സമാപിക്കും.

Tags:    

Similar News