25 ദിവസത്തില്‍ 25 കോടി; ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് 'അജഗജാന്തരം'
24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്
റിലീസ് ചെയ്ത് 25 ദിവസത്തില്‍ 25 കോടി സ്വന്തമാക്കി 'അജഗജാന്തരം'. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് കലക്ഷന്‍ തുക ഔദ്യോഗികമായി പുറത്തുവിട്ടത്. കോവിഡ് മൂന്നാം തരംഗ ഭീതിക്കിടയിലാണ് 50 ശതമാനം കാണികളോടെ 'അജഗജാന്തരം' ഗംഭീര വിജയം സ്വന്തമാക്കിയത്. 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമയില്‍ ആന്‍റണി വര്‍ഗീസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഗള്‍ഫില്‍ സിനിമ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്.ജസ്റ്റിന്‍ വര്‍ഗീസിന്‍റേതാണ് സംഗീതം.