ഭ്രമയുഗത്തിന് രണ്ടാം ഭാഗം? സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നു
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.
'ഒറ്റചിത്രമായിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നത്. തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാമെന്നേയുള്ളൂ. നിലവില്‍ വരാം ഇല്ലാതിരിക്കാം എന്ന് മാത്രമേ പറയാനാകൂ'- എന്നാണ് രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം.