ആസിഫ് അലി ആദ്യം വാങ്ങിയ കാറിന്‍റെ സെയിൽസ് എക്സിക്യുട്ടീവ് ഞാനാണ്, അന്ന് വലിയ വഴക്കായി: പഴയ കഥ പറഞ്ഞ് ഷറഫുദ്ദീന്‍
സിനിമയിൽ വന്നതിനു ശേഷം ആസിഫിനെ കണ്ടിട്ടില്ല. വൈറസ് സിനിമയുടെ സെറ്റിൽ വെച്ചിട്ടാണ് ആസിഫിനെ ആദ്യമായി കാണുന്നത്
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടന്‍ ഷറഫുദ്ദീന്‍. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് താരത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നൈല ഉഷ, അപര്‍ണ ദാസ് എന്നിവര്‍ നായികമാരായ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ സിനിമയിലെത്തുന്നതിനു മുന്‍പുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ബൈജു എൻ. നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷറഫുദ്ദീന്‍റെ വെളിപ്പെടുത്തല്‍.
നടൻ ആസിഫ് അലി സിനിമയിൽ എത്തിയതിനു ശേഷം ആദ്യമായി വാങ്ങിയ കാർ ഫിയറ്റിന്റെ പുന്തോ ആയിരുന്നെന്നും ആ കാറിന്‍റെ സെയിൽസ് എക്സിക്യുട്ടിവ് താനായിരുന്നെന്നും ഷറഫുദ്ദീൻ പറഞ്ഞു. 'ആസിഫിന് കാർ കൊടുത്തത് ഞാനാ. ആസിഫിന്‍റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. സിനിമയിൽ വന്നതിനു ശേഷം ആസിഫിനെ കണ്ടിട്ടില്ല. വൈറസ് സിനിമയുടെ സെറ്റിൽ വെച്ചിട്ടാണ് ആസിഫിനെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു എനിക്കറിയാമെന്ന്. അപ്പോൾ ആസിഫ് 'യെസ് യെസ്' എന്ന് പറഞ്ഞു. നിങ്ങളുടെ ഫിയറ്റ് പുന്തോ ഞാനാണ് നിങ്ങൾക്ക് തന്നതെന്ന് പറഞ്ഞു. 'താനോ' എന്ന് ആസിഫ് ചോദിച്ചു.'
അതില്‍ വേറെയും കഥയുണ്ട്, ആ സമയത്ത് ആസിഫുമായി വഴക്ക് ഉണ്ടായിരുന്നു. ആസിഫിന് ഒരു ഡേറ്റിൽ കാർ വേണമായിരുന്നു. എന്നാൽ, വണ്ടി അതും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു വന്നത്. ആസിഫിന്‍റെ ബ്രദർ ഉണ്ട് അസ്കർ. അസ്കർ പത്തിലെ എക്സാം കഴിഞ്ഞു വരുമ്പോൾ വീട്ടിൽ കാർ ഉണ്ടാകുമെന്നോ മറ്റോ ആസിഫ് വാക്ക് കൊടുത്തിരുന്നു. അത് പാലിക്കാൻ കഴിഞ്ഞില്ല. എന്റെ മാനേജർ പറഞ്ഞ വാക്ക് ഞാനും കൊടുത്തു. ആസിഫിന്‍റെ നാട്ടുകാരൻ തന്നെ ആയിരുന്നു ഞങ്ങളുടെ സെയിൽസ് മാനേജർ. അതുകൊണ്ട് അത് ഡീല് ചെയ്തു.
ഇതിലെ ഏറ്റവും ഇന്‍ററസ്റ്റിംഗായ കാര്യം ആസിഫിന്‍റെ വീട്ടിൽ ആസിഫിന്‍റെ ഉമ്മാനെ കാറ് കാണിക്കാൻ അന്ന് ആ സമയത്ത് പോകുമ്പോൾ, ആലുവ വഴി പോകുന്ന സമയത്ത് എന്റെ രണ്ട് കൂട്ടുകാരും കൂടെ വണ്ടിയിൽ കയറി, ആസിഫിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് ഒന്നും ഞാൻ പറഞ്ഞില്ല. അത് വേറെ ആരുമല്ല, അൽഫോൺസ് പുത്രനും കൃഷ്ണശങ്കറും ആയിരുന്നു. ആസിഫിന്‍റെ വീട്ടിൽ കാർ കാണിക്കാൻ പോകുമ്പോൾ അവര് രണ്ടുപേരും കാറിൽ ഉണ്ടായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഇത് കേട്ട ആസിഫ് അലി അൽഫോൺസ് പുത്രൻ എന്‍റെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നോ' എന്ന് അത്ഭുതത്തോടെ ചോദിച്ചെന്നും ഷറഫുദ്ദീൻ വ്യക്തമാക്കി. അൽഫോൺസ് പുത്രനും കൃഷ്ണശങ്കറും പുറത്ത് ഒരു കടയിൽ പോയി ചായ കുടിച്ചു. താൻ ആസിഫിന്‍റെ വീട്ടിൽ പോയി വണ്ടി കാണിച്ചിട്ട് വന്നെന്നും ആ വണ്ടി ആസിഫ് എടുത്തെന്നും ഷറഫുദ്ദീൻ പറഞ്ഞു.