ബോഡി ഷെയ്മിങ് കമന്‍റുകള്‍ക്ക് മറുപടിയുമായി നടൻ സൂരജ് സൺ
നരച്ചു പോയല്ലോ, പ്രായമായല്ലോ എന്ന ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് താരം നൽകിയത്
ബോഡി ഷെയ്മിങിനെതിരെ പ്രതികരിച്ച് നടൻ സൂരജ് സൺ. മിനിസ്ക്രീൻ താരമായി അഭിനയ രംഗത്തേക്ക് കടന്നുവന്ന സൂരജ് സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്ക് നേരിട്ട ബോഡി ഷെയ്മിങ് കമന്‍റുകള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. നരച്ചു പോയല്ലോ, പ്രായമായല്ലോ എന്ന ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് താരം നൽകിയത്.
താൻ ദിവ്യ ഗർഭത്തിൽ ഉണ്ടായതല്ലെന്നും, ടെസ്റ്റ്ട്യൂബ് ശിശു അല്ലെന്നും തന്‍റെ അമ്മ തന്നെ നൊന്തു പ്രസവിച്ചതാണെന്നും പ്രായത്തിനനുസരിച്ച പക്വത ഉള്ളതിനാൽ സമ്മർദ്ധം അനുഭവിക്കുമ്പോള്‍ പെട്ടന്ന് തന്നെ ശരീരത്തിന് നര ബാധിച്ചു എന്നാണ് താരം പറഞ്ഞത്. എന്നാൽ മനസിപ്പോഴും പതിനെട്ടിൽ ആണെന്നുമാണ് സൂരജ് സൺ പറഞ്ഞത്.
'നരച്ച് പോയല്ലോ, പ്രായമായല്ലോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവുമല്ല. എന്റെ അമ്മ എന്നെ നൊന്ത് പ്രസവിച്ചതാണ്. പ്രായത്തിനനുസരിച്ച് പക്വത വരുന്നതിനാല്‍ ഒരുപാട് ടെന്‍ഷനൊക്കെ ഉണ്ട്. അതുകൊണ്ട് ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു. മനസിനല്ല, മനസ് ഇപ്പോഴും 18 ലാണ്. എനിക്കിപ്പോള്‍ 31 വയസ് കഴിഞ്ഞു. ഏപ്രില്‍ ആയാല്‍ 32 വയസാവും. ഈ പ്രായത്തില്‍ നര വരുമോ എന്ന് എനിക്ക് അറിയില്ല, എന്നാൽ എന്‍റെ കഥാപാത്രങ്ങള്‍ക്കായി ചിലപ്പോഴൊക്കെ ഞാൻ ചെറുപ്പമാകാൻ ശ്രമിക്കാറുണ്ട്. എപ്പോഴും സുന്ദരനായി നടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എനിക്കതിന് സാധിക്കാറില്ല. സമയവുമില്ല. രണ്ട് മൂന്ന് വർഷങ്ങള്‍ക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചപ്പോള്‍ അതിൽ ഞാൻ ധരിച്ച ടീ ഷർട്ട് കീറിയിട്ടുണ്ടായിരുന്നു. അന്ന് ആ പോസ്റ്റിന് കീഴിൽ തനിക്ക് നല്ലൊരു ടീഷർട്ട് ഇട്ടു കൂടെയെന്നും, എന്നും ഒരേ വസ്ത്രമാണോ ഉപയോഗിക്കുന്നതെന്നുമെല്ലാം കമന്‍റുകള്‍ വന്നിരുന്നു. അത്തരത്തിൽ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കുന്ന ആളാണ് ഞാൻ. ഈ സംഭവത്തിന് ശേഷം ഞാൻ ആ ടീഷർട്ട് പൊതിഞ്ഞുവെച്ചു. സീരിയൽ തുടങ്ങിയപ്പോള്‍ ഒരു സീനിൽ ഞാൻ ആ ടീഷർട്ട് ഉപയോഗിച്ചു. അന്ന് കമന്‍റ് ചെയ്തവർക്കുള്ള മറുപടിയാണത്'. എന്നാണ് സൂരജ് സൺ പറഞ്ഞത്.
ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെ സൂരജ് നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.