വിവാഹശേഷം തിരുപ്പതിയിൽ ദർശനം നടത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും
തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വേദി മാറ്റിയത്
വിവാഹശേഷം തിരുപ്പതിയിൽ ദർശനത്തിനെത്തി ദമ്പതികളായ നയൻതാരയും വിഘ്‌നേഷ് ശിവനും. വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയൻതാരയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വേദി മാറ്റിയത്.
മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ നടന്ന സ്വപ്നതുല്യമായ ചടങ്ങിൽ വച്ചായിരുന്നു നയന്‍സ്-വിഘ്നേഷ് വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രജനീകാന്ത്, കമൽഹാസൻ, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാൻ, സൂര്യ, കാർത്തി, വിജയ് സേതുപതി, സംവിധായകൻ മണിരത്‌നം ഉൾപ്പെടെയുള്ളവർ വധൂവരൻമാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.
2015 നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.
മലയാളിയായ ഡയാന കുര്യൻ എന്ന നയൻതാര സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാരുടെയെല്ലാം നായികയാകാൻ നയൻസിന് സാധിച്ചു. ഗ്ലാമറസ് റോളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമർശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയൻസ് തിരിച്ചുപിടിച്ചു. ആരാധകർ ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻസിനെ വിശേഷിപ്പിക്കുന്നത്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡാണ് നയൻസിന്റെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന മലയാള ചിത്രം.