കശ്മീർ ജനതയുടെ ജീവിതം വരച്ചുകാട്ടി 'ആന്തം ഫോർ കശ്മീർ'
കൊച്ചി സ്വദേശി സന്ദീപ് രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്
കൊച്ചി: കശ്മീർ ജനതയുടെ ജീവിതാവസ്ഥ വരച്ചുകാട്ടുന്ന ഹ്രസ്വ ചിത്രം 'ആന്തം ഫോർ കശ്മീർ' ശ്രദ്ധേയമാവുന്നു. നിരവധി ഹ്രസ്വചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ കൊച്ചി സ്വദേശി സന്ദീപ് രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.
കശ്മീരിലെ തിരോധാനങ്ങളും ഏറ്റുമുട്ടലുകളും അവ ജനങ്ങളിൽ ഉണ്ടാക്കുന്ന ആശങ്കകളുമാണ് ചിത്രം പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്. പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ, കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ എന്നിവർ ചേർന്നാണ് ഒമ്പത് മിനിറ്റുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മേയ് ഒന്നിന് 370ആം അനുച്ഛേദം റദ്ദാക്കിയതിന്റെ 1000 ദിവസം പൂർത്തിയായതിനോട് അനുബന്ധിച്ചാണ് ചിത്രം എത്തിച്ചിരിക്കുന്നത്. സായുധ സേനയുടെ പ്രത്യേക അധികാര നിയമം അഫ്സ്പ ഉള്ള പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
സയ്യിദ് അലി, അബി അബ്ബാസ് എന്നിവരുടെ വരികൾക്ക് രവീന്ദ്രനാഥും സുദീപ് ഘോഷും ചേർന്നാണ് സംഗീതം നൽകിയത്. കോവിഡ് മഹാമാരിയും പ്രദേശത്തെ നിയന്ത്രണങ്ങളുമെല്ലാം ചിത്രീകരണത്തിന് വെല്ലുവിളികളായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. അവിടെയുള്ള ആളുകൾ അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും അങ്ങേയറ്റം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തെന്ന് സംവിധായകൻ പറഞ്ഞു. ഹനാൻ ബാബ, ഷെയ്ഖ് നീലോഫർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.