'എല്ലാം ഓക്കെ അല്ലേ അണ്ണാ…?'; ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജിനോട് ആന്റണി പെരുമ്പാവൂർ
ഇരുവർക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുകയും എമ്പുരാൻ സിനിമ 250 കോടി ക്ലബ്ലിൽ ഇടംപിടിക്കുകയും ചെയ്തതിനു പിന്നാലെയാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.
നടനും സംവിധായകനുമായ പൃഥ്വിരാജിനൊപ്പം ചിത്രം പങ്കുവച്ച് പുതിയ പോസ്റ്റുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്നാണ് ആന്റണിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജിനൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് ആൻ്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. ഇരുവർക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുകയും എമ്പുരാൻ സിനിമ 250 കോടി ക്ലബ്ലിൽ ഇടംപിടിക്കുകയും ചെയ്തതിനു പിന്നാലെയാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.
ആന്റണിയുടെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഇരുവർക്കും സിനിമയ്ക്കും ആശംസയും പിന്തുണയുമായി കമന്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. എമ്പുരാൻ സിനിമയുടെ നിർമാതാവായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു പൃഥ്വിക്കും ആൻ്റണിക്കുമെതിരായ ആദായനികുതി വകുപ്പിന്റെ നീക്കം.
കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പൃഥ്വിരാജ് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷണം. ഈ ചിത്രങ്ങളുടെ സഹനിർമാതാവെന്ന നിലയില്‍ 40 കോടി രൂപ കൈപ്പറ്റിയതില്‍ ഏജൻസി വിശദാംശങ്ങള്‍ തേടി. കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ ഏപ്രിൽ 29നകം മറുപടി വേണമെന്നാണ് നിർദേശം. 2021ലും 2022ലും പൃഥ്വിയുടെ നിർമാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അന്വേഷണം.
അതേസമയം, മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടാണ് എമ്പുരാൻ സഹ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി നോട്ടീസ് അയച്ചത്. 'ലൂസിഫർ', 'മരക്കാർ' എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നും നോട്ടീസിൽ പറയുന്നു. ഗോകുലം ഗോപാലന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് പരിശോധന നടന്നത്.
എമ്പുരാനെതിരായ സംഘ്പരിവാർ സൈബർ ആക്രമണത്തിനു പിന്നാലെ 24 കട്ടുകൾക്ക് ശേഷമുള്ള സിനിമയുടെ പുതിയ പതിപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. സിനിമയിൽ ഗുജറാത്ത് വംശഹത്യ ഓർമിപ്പിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതായിരുന്നു സംഘ്പരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ കേന്ദ്രകഥാപാത്രമായ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബർ ആക്രമണവും അധിക്ഷേപവും സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനവും ഉണ്ടാവുകയായിരുന്നു.
തുടർന്ന്, വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും വിവാദ ഭാഗങ്ങൾ ഒഴിവാക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ശേഷമായിരുന്നു കട്ട്. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ സോഷ്യൽമീഡിയ പോസ്റ്റ് പൃഥ്വിരാജ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.