ഈ ദിവസങ്ങളിലെ വിഷമത്തിന് അപ്പന്‍റെയും അമ്മയുടെയും ജീവിതത്തിന്‍റെ വിലയുണ്ട്: പെപ്പെയുടെ സഹോദരി

വിവാഹ ദിവസം പെപ്പെക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അഞ്ജലിയുടെ പ്രതികരണം.

Update: 2023-05-12 05:35 GMT
Advertising

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്തണിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ആന്‍റണി വര്‍ഗീസ് പെപ്പെയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ഈ ആരോപണങ്ങള്‍ കാരണം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. പക്ഷെ അതിനു തന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്‍റെ വിലയുണ്ടെന്ന് അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹ ദിവസം പെപ്പെക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അഞ്ജലിയുടെ പ്രതികരണം.

തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് പെപ്പെ സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പെപ്പെ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്. ഈ ആരോപണം തെളിവുകള്‍‌ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു. സിനിമയുടെ അഡ്വാൻസ് തുകയായി നിർമാതാവ് നൽകിയ പണം തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ കല്യാണം. പണം തിരികെ നൽകിയതിന്‍റെ രേഖകൾ പെപ്പെ പുറത്തുവിട്ടു.

"ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, വലിയ വിജയത്തിന്‍റെ ഭാഗമായി നിൽക്കുകയാണ്. എന്നാൽ തന്‍റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്ത് എന്‍റെ അമ്മയ്‌ക്കോ പെങ്ങൾക്കോ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തിൽ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7ന് അഡ്വാൻസ് വാങ്ങിയ തുക 2020 ജനുവരി 27ന് തിരികെ കൊടുത്തതാണ്. 2021 ജനുവരി 18നായിരുന്നു എന്‍റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കിൽ ഞാൻ ടൈംട്രാവൽ നടത്തിയിട്ടായിരിക്കുമല്ലോ എന്‍റെ പെങ്ങളുടെ കല്യാണം നടത്തിയത്!! അതിനുള്ള പണം എന്‍റെ വീട്ടുകാർ കൂടി ചേർന്ന് സമ്പാദിച്ചതാണ്. എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല. അയാൾ ചെയ്ത സിനിമ ഞാൻ ഫാമിലിയായി കണ്ടു, മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകൾ വഴി മൂന്നു വർഷം മുൻപ് ചർച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോൾ ജൂഡ് അത് മാനേജ് ചെയ്യാൻ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചത്"- ആന്‍റണി പെപ്പെ പറഞ്ഞു.

പിന്നാലെ ജൂഡ് ആന്തണി പെപ്പെയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞു. പറഞ്ഞതിൽ കുറ്റബോധമുണ്ട്. സത്യമാണോ എന്നു പോലും അറിയാത്ത കാര്യമാണ് ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് ആന്തണി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

"വായിലെ നാക്കു കൊണ്ട് ഞാന്‍ ഒരുപാടു ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ പറഞ്ഞിട്ട് അതിന്‍റെ ഒരു കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. സത്യമാണോയെന്ന് പോലും എനിക്കറിയാത്ത കാര്യമായിരുന്നു. അവന്‍റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു ആ സമയത്ത്. അപ്പോ ഞാന്‍ വിചാരിച്ചു ആ കാശു കൊണ്ടാണ് കല്യാണം നടത്തിയതെന്ന്. എന്നിട്ട് ആ കാശ് പിന്നെ നിര്‍മാതാവിന് തിരിച്ചുകൊടുത്തതാണെന്ന്. പറഞ്ഞ ടോണും മാറിപ്പോയി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്‍റെ പെങ്ങള്‍ക്കും കുടുംബത്തിനും ഒരുപാട് വിഷമമായിട്ടുണ്ടാവും. ഞാൻ അവരോട് മാപ്പ് പറയുകയാണ്. അതുപറയാൻ അവരെ വിളിച്ചിരുന്നു. കിട്ടിയില്ല. എങ്ങനെ എടുക്കാനാണ്? ഇത്രയും പറഞ്ഞിട്ട്.. ഞാൻ ആ നിർമാതാവിന്റെ കാര്യമേ അപ്പോൾ ഓര്‍ത്തുള്ളൂ. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ അത്രയെങ്കിലും പറയേണ്ടേ എന്നോര്‍ത്ത് പറഞ്ഞതാണ്. ഉള്ളിലില്ലാത്ത ദേഷ്യം വെറുതെ ആവശ്യമില്ലാതെ പുറത്തുവന്നു. അത് ഭയങ്കര ചീപ്പ് ആയിപ്പോയി"- ജൂഡ് ആന്തണി പറഞ്ഞു.

അഞ്ജലിയുടെ കുറിപ്പ്

രണ്ടു ദിവസത്തോളം ഞങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടൻ പറഞ്ഞത്. ഈ ദിവസങ്ങളിൽ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. പക്ഷെ അതിനു എന്‍റെ അപ്പന്‍റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്‍റെ വിലയുണ്ട്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News