മകന്‍റെ ചെലവിന് മുംബൈ ജയിലിലേക്കയച്ചത് 4500 രൂപ; ആര്യനെ വീഡിയോ കോള്‍ ചെയ്ത് ഷാറൂഖും ഗൗരിയും
ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റിയിരുന്നു
ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോകോളില്‍ സംസാരിച്ചു. ജയിലിലായ ശേഷം ഇതാദ്യമായാണ് ആര്യന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍, തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരുമായി സംസാരിക്കാന്‍ അനുവാദമുണ്ട്.
അതേസമയം, ആര്യന് ജയിലിലെ ക്യാന്റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ജയില്‍ സൂപ്രണ്ട് നിതിന്‍ വൈച്ചാല്‍ വ്യക്തമാക്കി. ജയില്‍ നിയമപ്രകാരം, ഒരു തടവുകാരന് ഒരു മാസം 4500 രൂപയേ വീട്ടുകാര്‍ക്ക് ജയിലിലേക്ക് ചെലവിനായി അയച്ചുകൊടുക്കാന്‍ പാടുള്ളൂ.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ലഹരിക്കേസിലെ കൂട്ടു പ്രതികളെയെല്ലാം വ്യത്യസ്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 നാണ് വിധി പറയുന്നത്.