'മൈക്കിലേത് കരിയറിലെ ഏറ്റവും മികച്ച വേഷം': അനശ്വര രാജൻ
യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളില്‍ 'മൈക്ക്' പ്രദർശനത്തിന് എത്തി
ദുബൈ: വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത 'മൈക്ക്' സിനിമയുടെ ഗൾഫ് പ്രദർശനത്തിന് തുടക്കമായി. ദുബൈയിലെ പ്രവാസി മലയാളി യുവാവ് രഞ്ജിത് സജീവ് ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. കാലിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഗൾഫിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി അണിയറ ശിൽപികൾ ദുബൈയിൽ വ്യക്തമാക്കി.
പെൺജീവിതം മടുത്ത് പുരുഷനാകാൻ പുറപ്പെടുന്ന സാറ എന്ന പെൺകുട്ടിയുടെയും ജീവിത നൈരാശ്യം ബാധിച്ച യുവാവിന്റെയും കഥയാണ് 'മൈക്കി'ന്‍റെ പ്രധാന ഇതിവൃത്തം. ആഷിക് അലി അക്ബറാണ് രചന. ജെൻഡർ വിഷയത്തിന് പ്രാധാന്യം നൽകി നിർമിച്ച സിനിമ എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നിൽ കണ്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വിഷ്ണു ശിവപ്രസാദ് പറഞ്ഞു.
തന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് 'മൈക്കി'ൽ ചെയ്തിരിക്കുന്നതെന്ന് നായിക അനശ്വര രാജൻ പറഞ്ഞു. പ്രവാസലോകത്തെ ജീവിതാനുഭവങ്ങൾ നായകൻ എന്ന നിലക്ക് ഗുണം ചെയ്തതായി രഞ്ജിത് സജീവ് പറഞ്ഞു. ചിത്രത്തിലെ പാട്ടുകൾ മികച്ചതാക്കാൻ ഏറെ പരിശ്രമിച്ചതായി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് പ്രതികരിച്ചു. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്തിയതെന്ന് വേൾഡ് വൈഡ് ഫിലിംസ് ഡയരക്ടർമാരായ നൗഫൽ അഹ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ അറിയിച്ചു