രാഷ്ട്രീയത്തിൽ ജാതിയാണ് എന്‍റെ ആദ്യ ശത്രു: കമൽഹാസൻ
'ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യന്‍റെ ഏറ്റവും വലിയ കണ്ടുപിടിത്തം ദൈവമാണ്'
ചെന്നൈ: ജാതിവ്യവസ്ഥയാണ് രാഷ്ട്രീയത്തില്‍ തന്‍റെ ഏറ്റവും വലിയ ശത്രുവെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. 21ആം വയസ് മുതല്‍ താന്‍ ജാതിവ്യവസ്ഥക്കെതിരെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്‌സ് ഉദ്ഘാടനം ചെയ്ത് എഗ്മോറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"21ആം വയസ് മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകടിപ്പിക്കുന്ന രീതിയിൽ പക്വത പ്രാപിച്ചു. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യന്‍റെ ഏറ്റവും വലിയ കണ്ടുപിടുത്തം ദൈവമാണ്. ഡോ.ബി.ആർ അംബേദ്കറിനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തിൽ നിന്ന് ജാതിയെ ഇല്ലാതാക്കാൻ പോരാടി. അത് ഇനിയും തുടരേണ്ടതുണ്ട്. ആ പോരാട്ടത്തിന്റെ തുടർച്ചയാണ് നീലം സാംസ്കാരിക കേന്ദ്രം"- കമല്‍ഹാസന്‍ പറഞ്ഞു.
ആര്‍ട്ട് സിനിമകളെ മുഖ്യധാരാ സിനിമകളെ പോലെത്തന്നെ ജനകീയമാക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച സംവിധായകനാണ് പാ രഞ്ജിത്തെന്നും കമല്‍ഹാസന്‍ പറഞ്ഞു. നീലം ബുക്സിന്‍റെ പുസ്തകങ്ങള്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുമെന്ന് പാ രഞ്ജിത്ത് വ്യക്തമാക്കി. കവിതയായാലും മറ്റു സാഹിത്യമായാലും വാണിജ്യനേട്ടമല്ല ലക്ഷ്യം. ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ നീലം ബുക്സ് പ്രസിദ്ധീകരിക്കൂവെന്നും പാ രഞ്ജിത്ത് പറഞ്ഞു.
Summary- Actor and Makkal Needhi Maiam founder Kamal Haasan on Sunday inaugurated Neelam Books, a book store and a cultural space, created by filmmaker Pa. Ranjith, in Egmore. In his speech, Mr. Haasan said caste continues to be his main enemy in politics