ചെലവ് 80 കോടി; കങ്കണയുടെ 'ധക്കാഡ്' റിലീസ് ചെയ്ത് എട്ടാം ദിവസവും മൂന്നുകോടി കടന്നില്ല
ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത ഭൂൽ ഭുലയ്യ2 100 കോടി കടക്കാനൊരുങ്ങുകയാണ്
കങ്കണ റണാവത്തിന്റെ ആക്ഷൻ ചിത്രമായ 'ധക്കാഡ്' മെയ് ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രത്തിന് ലഭിച്ച കളക്ഷൻ വെറും 4,420 രൂപ മാത്രമാണ്. 80 കോടി മുടക്കിയ ചിത്രത്തിന് മൂന്ന് കോടി പോലു കടക്കാനായില്ല എന്നത് നടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുന്നു. മറുവശത്ത്, ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ2 100 കോടി കടക്കാനൊരുങ്ങുകയാണ്.
ആദ്യ ദിവസം അമ്പത് ലക്ഷം രൂപയുടെ കളക്ഷൻ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ഈയിടെ റിലീസ് ചെയ്ത ഒമ്പതിൽ എട്ടു ചിത്രവും പരാജയപ്പെട്ടതോടെ ഇൻഡസ്ട്രിയിൽ നടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഈയിടെ പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂൺ, മണികർണിക, ജഡ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി തുടങ്ങിയ കങ്കണ ചിത്രങ്ങൾ പരാജയമായിരുന്നു.
മോശം കഥയാണ് ധാക്കഡിന് വിനയായത് എന്ന് വെറ്ററൻ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറഞ്ഞു. 'ചിത്രത്തിന്റെ ഉള്ളടക്കം മോശമാണ്. ആക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച പതിവു ചിത്രം മാത്രമാണിത്. ഇതാണ് പ്രധാന പോരായ്മ. ജനം ഇതിനോടൊപ്പം എന്റർടൈൻമെന്റ് കൂടി ആഗ്രഹിക്കുന്നുണ്ട്. ആക്ഷനുകൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഉള്ളടക്കം നിലവാരം പുലർത്തിയില്ല. കങ്കണ റണാവത്തും അർജുൻ രാംപാലും ദിവ്യ ദത്തയും നന്നായി അഭിനയിച്ചു. എന്നാൽ അവരുടെ പ്രകടനം കൊണ്ടു മാത്രം ചിത്രം ഓടില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വീൻ (2014), തനു വെഡ്സ് മനു റിട്ടേൺസ് (2015) തുടങ്ങിയ സൂപ്പർ ചിത്രങ്ങൾക്കു ശേഷം ബോളിവുഡിൽ താരമൂല്യം വർധിച്ച കങ്കണയുടേതായി ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ പുറത്തുവന്നിരുന്നത്. ഇതിൽ മണികർണിക- ദ ക്വീൻ ഓഫ് ഝാൻസി (2019) ആരാധകരെ തിയേറ്ററിലെത്തിച്ചെങ്കിലും വൻ മുടക്കമുതലുള്ള സിനിമയായിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന, 2021ൽ ഏറെ കൊട്ടിഗ്ഘോഷികപ്പെട്ട് പുറത്തിറങ്ങിയ തലൈവി തിയേറ്ററിൽ ദുരന്തമായി മാറിയത് കങ്കണയ്ക്ക് വൻ ആഘാതമായി.
സർവേഷ് മേവാര സംവിധാനം ചെയ്യുന്ന തേജസ് ആണ് കങ്കണയുടെ അടുത്ത ചിത്രം. ഒക്ടോബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. നൂറു കോടി മുതൽ മുടക്കിലുള്ള സീത (ദ ഇൻകാർനേഷൻ), തേജു, ഡിവൈൻ ലവേഴ്സ് തുടങ്ങിയ ചിത്രങ്ങളും പണിപ്പുരയിലാണ്. ബോളിവുഡിൽ ദീപിക പദുക്കോണിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് കങ്കണ. തീവ്ര വലതുപക്ഷത്തിന് അനുകൂലമായി ഇടയ്ക്കിടെ അവർ നടത്തുന്ന പ്രസ്താവനകൾ ഏറെ ചർച്ചയാകുകയും വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.