ധനുഷും ഐശ്വര്യ രജനീകാന്തും വീണ്ടും ഒന്നിക്കുന്നു!
ദമ്പതിമാരുടെ മാത്രം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്
ചെന്നൈ: നടന്‍ ധനുഷും സംവിധായികയും രജനീകാന്തിന്‍റെ മകളുമായ ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിവാഹമോചനത്തിനായി ഇരുവരും സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നുമാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദമ്പതിമാരുടെ മാത്രം തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ രജനികാന്ത് അടക്കം വീട്ടിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഇതിലൊരു പരിഹാരം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശപ്രകാരം രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങള്‍ തന്നെ വരുത്തുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനു ശേഷം സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഐശ്വര്യ ധനുഷിന്‍റെ പേര് വെട്ടിമാറ്റിയിരുന്നു. ഐശ്വര്യ ആര്‍.ധനുഷ് എന്നത് ട്വിറ്ററില്‍ @ash-rajinikanth എന്നും ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ രജനി എന്നുമാണ് മാറ്റിയത്. എന്നാല്‍ ഇതിനിടയില്‍ മക്കള്‍ക്കു വേണ്ടി പല വേദികളിലും ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാന്‍ ധനുഷ് മക്കളായ യത്രക്കും ലിങ്കക്കും ഒപ്പമെത്തിയിരുന്നു. കൂടാതെ യത്രയെ സ്കൂളിലെ സ്പോര്‍ട്സ് ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത പരിപാടിക്കു വേണ്ടി ഐശ്വര്യയും ധനുഷും ഒരുമിച്ചെത്തിയിരുന്നു. ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും ഒപ്പമുണ്ടായിരുന്നു.
2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകള്‍ കൂടിയായ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് സിനിമാലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ്.
നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചതായും കഴിഞ്ഞ ജനുവരി 17ന് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നം മാത്രമാണെന്നാണ് ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ പ്രതികരിച്ചത്.