'കങ്കണയുടെ നെപ്പോട്ടിസം പരാമര്‍ശം ആശ്ചര്യപ്പെടുത്തി; എല്ലാവരും ലഹരിക്കടിമകളല്ല': കങ്കണക്കെിരെ ഇമ്രാന്‍ ഹാഷ്മി
കങ്കണയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇന്റസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും ലഹരിക്കടിമകളല്ലെന്നും ഹാഷ്മി
മുംബൈ: കങ്കണ റണൗട്ടിന്‌റെ നെപ്പോട്ടിസം പരാമര്‍ശത്തിനെതിരെ നടന്‍ ഇമ്രാന്‍ ഹാഷ്മി. കങ്കണക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം എന്നാല്‍ മുഴുവന്‍ ഇന്‌റസ്ട്രിയേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹാഷ്മി പറഞ്ഞു.
ബോളിവുഡിലെ നെപ്പോട്ടിസത്തെകുറിച്ച് കങ്കണ പറയുന്നത് കേട്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും ഒരു അഭിമുഖത്തില്‍ ഹാഷ്മി പറഞ്ഞു. കോവിഡിന് ശേഷമുള്ള സിനിമാ മേഖലയെ കുറിച്ചും നടന്‍ സുശാന്ത് രജ്പുതിന്‌റെ മരണത്തിന് ശേഷം ബോളിവുഡിനോട് ഉയര്‍ന്ന നിഷേധാത്മ ട്രെന്‌റിനെ കുറിച്ചും സംസാരിക്കവെയായിരുന്നു ഹാഷ്മിയുടെ പ്രതികരണം.
'നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും കങ്കണ മികച്ച ഒരാളാണ്. ഇന്റസ്ട്രിയില്‍ അവര്‍ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടാകാം. തുടക്ക സമയങ്ങളില്‍ അവര്‍ക്ക് വേണ്ട സ്വീകാര്യത ലഭിച്ചിട്ടുണ്ടാകില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യത ലഭിക്കണമെന്നുമില്ല. കങ്കണയ്‌ക്കൊപ്പം 'ഗാങ്സ്റ്ററില്‍' അഭിനയിക്കുമ്പോള്‍ നല്ല അനുഭവമായിരുന്നു.കരിയറിന്‌റെ മികച്ച സമയമായിട്ടും ആ ചിത്രത്തില്‍ ഞാന്‍ വില്ലന്‍ കഥാപാത്രമായെത്തിയപ്പോള്‍ കങ്കണ കേന്ദ്ര കഥാപാത്രമായി. കങ്കണ പറയുന്ന സ്വജനപക്ഷപാതം ഉണ്ടായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു'വെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.
ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ചും ലഹരി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും അടിസ്ഥാനമില്ലാത്ത തെറ്റിദ്ധാരണയാണ് പരത്തുന്നത്. ആളുകളെല്ലാം പറയുന്നു ബോളിവുഡ് മുഴുവന്‍ ലഹരി അടിമകളാണെന്നും നെപ്പോട്ടിസമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും. കങ്കണയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇന്റസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും ലഹരിക്കടിമകളല്ലെന്നും ഹാഷ്മി പറഞ്ഞു.
മൂന്ന് സിനിമകളിലാണ് ഇമ്രാന്‍ ഹാഷ്മിയും കങ്കണയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2006 ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍ ആയിരുന്നു ആദ്യ ചിത്രം. 2009ല്‍ പുറത്തിറങ്ങിയ റാസ് 2, 2014ല്‍ പുറത്തിറങ്ങിയ ഉങ്ഗ്ലിയുമാണ് മറ്റു രണ്ടു ചിത്രങ്ങള്‍.
അതേസമയം ഇമ്രാന്‍ ഹാഷ്മിയുടെ ഷോടൈം എന്ന സീരീസ് മാര്‍ച്ച് എട്ടിനാണ് ഒടിടിയില്‍ പുറത്തിറങ്ങുന്നത്.