ഗോള്‍ഡ് പൊട്ടിയതല്ല, പൊട്ടിച്ചതാണ്, അവരെ പെടുത്തും: അല്‍ഫോണ്‍സ് പുത്രന്‍

റിലീസിന് മുമ്പ് 40 കോടി നേടിയ ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡെന്നും അൽഫോൺസ് പുത്രൻ പറയുന്നു

Update: 2023-12-27 09:45 GMT
Advertising

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾഡ്. നയൻതാര നായിക വേഷത്തിലെത്തിയ ചിത്രം പക്ഷേ തിയേറ്ററിൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഗോൾഡ് പരാജയപ്പെട്ടതല്ല മറിച്ച് പരാജയപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസൺ പുത്രൻ. തിയറ്ററുകളിൽ മാത്രമാണ് ഗോൾഡ് പരാജയപ്പെട്ടതെന്നും റിലീസിന് മുമ്പ് 40 കോടി നേടിയ ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോൾഡെന്നും അൽഫോൺസ് പുത്രൻ പറയുന്നു. പ്രക്ഷകന്റെ കമന്റിന് മറുപടിയായിട്ടായിരുന്നു അൽഫോൺസ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം സിനമ തിയേറ്ററിൽ പരാജയപ്പെടുത്തിയവരെ പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

'പടം പൊട്ടിയതല്ല, പൊട്ടിച്ചതിലാണ് പ്രശ്‌നം. റിലീസിന് മുമ്പ് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്. ചിത്രം ഫ്‌ലോപ്പ് അല്ല, തിയറ്ററിൽ പരാജയമാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയാണ്. ഒരുപാട് നുണകൾ എന്നോട് പറഞ്ഞു. കിട്ടിയ തുകയും എന്നിൽ നിന്ന് മറച്ചുവെച്ചു. ആരും സഹായിച്ചില്ല. പുട്ടിന് പീര എന്ന പോലെ ഒരു അൽഫോൺസ് പുത്രൻ ചിത്രം എന്നാണ് ആ മഹാൻ ആകെ മൊഴിഞ്ഞ വാക്ക്. സിനിമയിൽ ഏഴ് ജോലികൾ ഞാൻ ചെയ്തിരുന്നു. പ്രമോഷൻ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മാറി നിന്നിരുന്നു. ബാക്കിയെല്ലാവരും സംസാരിക്കുമെന്നാണ് കരുതിയത്. ഗോൾഡ് പരാജയപ്പെട്ടത് തിയറ്ററുകളിൽ മാത്രമാണ്. ഇനിയും പ്രേമത്തിന്റെ പണം തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ടെന്നാണ് അൻവർ ഇക്ക പറഞ്ഞത്. തിയറ്ററുകളിൽ ആളെക്കൊണ്ട് കൂവിച്ച മഹാനും മഹാന്റെ കൂടെയുള്ളവരും എല്ലാം പെടും. ഞാൻ പെടുത്തും'- അൽഫോൺസ് പുത്രൻ പറഞ്ഞു.



നിവിൻ പോളിയുമായി ചേർന്ന് ആദ്യകാലങ്ങളിൽ ചെയ്ത ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രം അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. അതിന് താഴെ ഒരാൾ ഇട്ട കമന്റിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു ചിത്രം പരാജയപ്പെട്ടാൽ എന്തിനാണ് ഇത്രയും ഡിപ്രസാകുന്നത്. അങ്ങനെയാണെങ്കിൽ ലാലേട്ടനൊക്കെഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോൾഡ് പോയാൽ ഒമ്പത് പ്രേമം വരും. പോസിറ്റീവായി ഇരിക്കൂ. ശക്തമായി തിരിച്ചു വരൂ'...എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. ഇതിന് മറുപടിയായാണ് അൽഫോൺസ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അൽഫോൺസ് പുത്രൻ നേരത്തേ അറിയിച്ചിരുന്നു. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോർഡർ ആണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന അൽഫേൺസിന്റൈ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News