100 കോടിയില്‍ നിര്‍മാതാവിന് എത്ര കിട്ടും?; 2018 ന്‍റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു
മെയ് അഞ്ചിന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു
ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ '2018 എവരിവൺ ഈസ് ഹീറോ' മികച്ച പ്രക്ഷക പിന്തുണയിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മെയ് അഞ്ചിന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന തുകയിൽ തനിക്ക് എത്ര പണം ലഭിക്കുമെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി.
''തിയറ്ററുകൾക്കാണ് സിനിമയുടെ കളക്ഷൻ പ്രധാനമായി പോകുന്നത്. സാധാരണ തിയറ്ററുകളാണെങ്കിൽ ആദ്യത്തെ ആഴ്ച 45-55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിങ്. അതല്ല അത് മൾട്ടിപ്ലെക്സ് ആണെങ്കിൽ 50 -50 ശതമാനമാകും. പിന്നീട് ആഴ്ചതോറും കുറഞ്ഞു വരും. പിന്നെയത് 60 -40 ആവും(60 ശതമാനം തിയറ്ററുകൾക്കും 40 നിർമാതാക്കൾക്കും. ചെലവുകൾ കഴിഞ്ഞ് 100 കോടി നേടിയിട്ടുണ്ടെങ്കിൽ ശരാശരി നോക്കുമ്പോൾ പ്രൊഡ്യൂസർക്ക് കിട്ടാൻ പോകുന്നത് 35 കോടി വരെയായിരിക്കും'' വേണു കുന്നപ്പിള്ളി പറഞ്ഞു.
കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഇതിവൃത്തമാക്കി ജൂഡ് ഒരുക്കിയ ചിത്രം കാണാൻ തിയേറ്ററിൽ നിറയെ ആളെത്തിയിരുന്നു. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ്, സിദ്ദിഖ്, വിനീത കോശി, ശിവദ തുടങ്ങി വൻതാര നിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.