എല്ലാവരും രാജ്യത്തെ സ്നേഹിക്കുന്നു, ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്? പ്രകാശ് രാജ്
'ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്ക് മനസിലാവും'
ഹിന്ദുത്വ ഉള്ളടക്കങ്ങളെ തന്‍റെ സിനിമയിലൂടെ പിന്തുണയ്ക്കില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇന്ത്യയിലെ പൗരനെന്ന നിലയില്‍ ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയും. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം.
തന്‍റെ പുതിയ വെബ് സീരീസായ മുക്ബീറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. സമീപകാല സിനിമകളിലെ ഹിന്ദുത്വ അജണ്ടകളെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞതിങ്ങനെ- "ശരിയാണ്. ഞാനും ഇത് കാണാറുണ്ട്. ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്ക് മനസിലാവും. ഞാനത് പ്രോത്സാഹിപ്പിക്കില്ല. മുക്ബീര്‍ അങ്ങനെയുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. ആരാലും പ്രകീര്‍ത്തിക്കപ്പെടാത്ത സ്‌പൈ ഏജന്‍റുമാരെ കുറിച്ചുള്ളതാണ് ഈ വെബ് സീരീസ്".
ദേശസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് ചിലര്‍ തീരുമാനിക്കുന്നുവെന്നും പ്രകാശ് രാജ് പ്രതികരിച്ചു. അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണെന്നാണ് പ്രകാശ് രാജിന്‍റെ ചോദ്യം- "രാജ്യത്തോടുള്ള സ്‌നേഹമെന്താണ്? രാജ്യത്തോടുള്ള സ്‌നേഹം എങ്ങനെയാണ് ഒരാള്‍ പ്രകടിപ്പിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ രാജ്യത്തെ എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു. പൈലറ്റ് വിമാനം പറത്തുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ ഓടിക്കുന്നു. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കലാകാരന്മാരുമെല്ലാം ജോലി ചെയ്യുന്നു. അവരെല്ലാം ഈ രാജ്യത്തിന്റെ ഭാഗമാണ്. അവരെല്ലാം രാജ്യത്തെ സ്നേഹിക്കുന്നു. ഇക്കാലത്ത് ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണ്"- പ്രകാശ് രാജ് പറഞ്ഞു.