'ഇത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ലാത്തതാണ്'; മന്ത്രിയുടെ ശാരീരികാധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ദ്രന്‍സ്

'പുതിയ കുട്ടികൾ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും. ഞാൻ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല'

Update: 2022-12-18 10:48 GMT
Editor : ijas | By : Web Desk
Advertising

മന്ത്രി വി.എന്‍ വാസവന്‍റെ ശാരീരികാധിക്ഷേപ പരാമര്‍ശങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ ഇത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാൻ പാടില്ലാത്തതാണെന്ന് പലരും മറന്നുപോകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. പുതിയ കുട്ടികൾ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും. ഞാൻ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല. അദ്ദേഹം അസത്യം ഒന്നും പറഞ്ഞില്ലലോ- ഇന്ദ്രന്‍സ് പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് വിവാദ പരാമര്‍ശത്തില്‍ വീണ്ടും മനസ്സുതുറന്നത്.

മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്‍റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്‍റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; ഇന്ദ്രന്‍സ് പറഞ്ഞു.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്‍റെ അവസ്ഥ വിവരിച്ച് വാസവന്‍റെ വിവാദ പരാമർശം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലിപ്പത്തിലെത്തിയെന്നായിരുന്നു വാസവൻ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽനിന്ന് നീക്കാൻ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News