ഉള്ളൊഴുക്ക്; ഇവിടത്തെ അണിയറ പ്രവർത്തകരുടെ ഐക്യം എവിടെയുമില്ല, അത്ഭുതമായി ഉർവശി

തന്റെ ആദ്യത്തെ മലയാള സിനിമയെ കുറിച്ച് ഉള്ളൊഴുക്കിൻെറ സഹനിർമാതാവ് സജ്‌ഞീവ് നായർ

Update: 2024-06-24 15:40 GMT
Editor : geethu | Byline : Web Desk
Advertising

കുടുംബങ്ങൾക്ക് മേൽ, ബന്ധങ്ങൾക്ക് മേൽ ചില കാർമേഘങ്ങൾ വന്ന് മൂടാറുണ്ട്... പെയ്ത് തോരാതെ, വീണ്ടും മഴ ബാക്കിവെച്ച്... എല്ലാം വെള്ളത്തിനുള്ളിലാക്കി കൊണ്ട്. തിയേറ്ററിൽ നിന്നിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ അടിയൊഴുക്ക് അവശേഷിപ്പിക്കുകയാണ് ക്രിസ്റ്റോ ടോമിയുടെ'ഉള്ളൊഴുക്ക് '.

ബോളിവുഡിലെ മലയാളം സാന്നിധ്യമായ സജ്‌ഞീവ് നായരിന്റെ ആദ്യ മലയാളം സിനിമ കൂടിയാണ് ഉള്ളൊഴുക്ക്. ഉള്ളൊഴിക്കിനെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും സജ്‌ഞീവ് കുമാർ മീഡിയവണിനോട് സംസാരിക്കുന്നു.

ഇരിങ്ങാലക്കുടയിൽ നിന്ന് ബോളിവുഡിലേക്ക്

വർഷം 1999.. കുടുംബ ബിസിനസിൽ നിന്ന് മാറിയാണ് സഞ്‌ജീവ് ഇരിങ്ങാലക്കുടയിൽ നിന്ന് ബോംബെയിലേക്ക് വണ്ടി കയറിയത്. ബോംബെയിൽ എത്തിയപ്പോൾ ബന്ധുവാണ് വെറിതെ ഇരിക്കണ്ട എന്ന് പറഞ്ഞ് രാം ​ഗോപാൽ വർമയുടെ ഓഫീസിലേക്ക് വിട്ടത്. ഫിലിം മേക്കിങ് ഒന്ന് 'ട്രൈ' ചെയ്യാമെന്ന് മാത്രം വിചാരിച്ച് പോയ സഞ്‌ജീവ് കുമാറിനെ പിന്നെ ബോളിവുഡ് വിട്ടില്ല.




 

ഒട്ടും തമാശയില്ലാത്ത വളരെ ​ഗൗരവമായാണ് ഉള്ളൊഴുക്കിൽ കഥ പറഞ്ഞ് പോകുന്നത്. ഉർവശി, പാർവതി പോലെ മികവുറ്റ അഭിനേതാക്കളുടെ പ്രകടനവും കഥയുമാണ് സിനിമയെ മുകളിലേക്ക് എത്തിച്ചത്. മലയാളം പ്രേക്ഷകർ സിനിമയെ സ്വീകരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും നല്ല രീതിയിൽ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഉള്ളൊഴുക്ക് സ്വീകരിച്ചു. അതിൽ സന്തോഷമുണ്ട്.

2024 സിനിമ കാണുന്ന ആളുകളുടെ വർഷമാണ്. വ്യത്യസ്തമായ ഒരു സിനിമയായത് കൊണ്ട് കൂടിയായിരിക്കണം ഇത്തരത്തിൽ സ്വീകരിക്കപ്പെട്ടത്. മലയാളം സിനിമയിൽ പുതിയൊരു ഡോസ് കൊണ്ടുവരാൻ ഇതിന് ഉള്ളൊഴുക്കിന് സാധിക്കുമെന്ന് കരുതുന്നു.

അത്ഭുതപ്പെടുത്തി ഉർവശി

മലയാളം സിനിമയുടെ ഭാ​ഗമാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നത് കൊണ്ട് ഉള്ളൊഴുക്കിന്റെ 70 ശതമാനം ഷൂട്ടിങ് വേളയിലും നേരിട്ട് തന്നെ പങ്കെടുത്തിരുന്നു. മലയാളം സിനിമാ മേഖലയെ മനസിലാക്കാൻ അത് സഹായിച്ചു. ബോളിവുഡിലെ ടെക്നിക്കൽ മേഖലയെക്കാൾ മികച്ചതാണ് ഇവിടത്തെ ആളുകളുടെ ഒത്തൊരുമ. സിനിമയുടെ ലൊക്കേഷനിൽ എല്ലാവരും കുടുംബം പോലെയായിരുന്നു ഇടപഴകിയിരുന്നത്.



 



സിനിമയിൽ മാത്രം കണ്ടിരുന്ന ഉർവശി ചേച്ചിയുടെ അഭിനയം നേരിട്ട് കണ്ടപ്പോൾ പലപ്പോഴും അത്ഭുതപ്പെട്ടു പോയി. ഓരോ ഭാവങ്ങളും സ്വിച്ച് ഇട്ടത് പോലെ മാറുന്നത് കാണുമ്പോൾ അത്ഭുതം തോന്നും. കഥാപാത്രങ്ങൾ അരച്ച് കലക്കി കുടിച്ചതാണെന്ന് തോന്നും.

ഒന്നരമാസമാണ് ടെക്നീഷ്യന്മാരും അഭിനേതാക്കളും മുട്ടോളം വെള്ളത്തിൽ നിന്ന് പ്രവർത്തിക്കേണ്ടി വന്നത്. പലരുടെയും കാലുകൾക്ക് പ്രശ്നമുണ്ടായിരുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടി അവരെല്ലാം ചെയ്യുന്ന ത്യാ​ഗങ്ങൾ അത്ഭുതപ്പെടുത്തും.

വിശാൽ ഭരദ്വാജിൻെറ ഫേവറേറ്റ്

ബോളിവുഡിലാണ് സ്ഥാനം ഉറപ്പിച്ചതെങ്കിലും മലയാളം സിനിമയുടെ കടുത്ത ആരാധകനാണ്. പ്രത്യേകിച്ച് 80, 90കളിലെ മോഹൻലാൽ, മമ്മൂട്ടി സിനിമകളുടെ. കൽക്കട്ടയിൽ വളർന്ന കാലത്താണ് ഹിന്ദി സിനിമകളോട് കൂടുതൽ അടുത്ത്. രാം​ഗോപാൽ വർമയുടെ 'സത്യ' ആറ് തവണയെങ്കിലും കണ്ട് നിൽക്കുന്ന സമയത്താണ് കീഴിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത്. നിർമാണ ജോലികളും അക്കൗണ്ടൻസിയുമടക്കം എല്ലാ ജോലികളും ചെയ്തായിരുന്നു തുടക്കം. പക്ഷേ, കുറച്ച് ദിവസങ്ങൾ കൊണ്ട് സിനിമ ഇൻഡസ്ട്രി ഇഷ്ടപ്പെട്ടു തുടങ്ങി. സിനിമയുടെ പഠനക്കളരിയാണ് രാം ​ഗോപാൽ വർമയുടെ പ്രൊഡക്ഷൻ ഹൗസ്. മസ്തിൽ നിന്ന് തുടങ്ങിയ സിനിമാ യാത്രയിൽ 5 വർഷത്തോളം രാം ​ഗോപാൽ വർമയ്ക്കൊപ്പം തന്നെയായിരുന്നു.

കേതൻ മേത്ത, വിശാൽ ഭരദ്വാജ്, രാജ് ആൻഡ് ഡികെ തുടങ്ങിയവർക്കൊപ്പം എല്ലാം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏറ്റവും പ്രിയപ്പെട്ട വിശാൽ ഭരദ്വാജിന്റെ 'ഫേവറേറ്റ്' വ്യക്തിയാകാൻ കഴിഞ്ഞു. സ്വതന്ത്ര എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കുറച്ച് കാലം പ്രവർത്തിച്ചതിന് ശേഷം ക്രിയേറ്റീവ് പ്രൊഡക്ഷൻ ഹെഡായി വിയകോം18 മോഷൻ പിക്ച്ചേഴ്സിലേക്ക്.


ഉള്ളൊഴുക്കിലേക്കുള്ള ഒഴുക്ക്

ഉള്ളൊഴുക്കിന്റെ തിരക്കഥയ്ക്ക് 2018ലെ സിനിസ്ഥാൻ പുരസ്കാരം ലഭിച്ചിരുന്നു.

സിനിമയുടെ പ്രൊഡ്യൂസർ ഹണി ട്രെഹാൻ ആണ് ഉള്ളൊഴുക്കിലേക്ക് വിളിക്കുന്നത്. വളരെ പണ്ട് മുതലേയുള്ള സൗഹൃദമാണ് ഹണിയുമായി. മലയാളം പടമായത് കൊണ്ട് എന്തായാലും ചെയ്യണമെന്ന് ഹണിയാണ് പറയുന്നത്. അങ്ങനെയാണ് ഉള്ളൊഴുക്കിലേക്ക് എത്തുന്നത്.

ക്രിസ്റ്റോയുമായി പ്രവർത്തിക്കാൻ കഴിഞ്ഞതും നല്ലൊരു അനുഭവമാണ്. ഡയറക്ടർ ആവശ്യപ്പെട്ടത് കൊടുക്കാൻ സാധിച്ചിട്ടണ്ടെന്നാണ് വിശ്വാസം.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News