തൃഷയെ കണ്ണെടുക്കാതെ നോക്കി നിന്നുപോയിട്ടുണ്ട്, അത്രക്ക് സുന്ദരിയായിരുന്നു അവര്‍; പൊന്നിയിന്‍ സെല്‍വന്‍ വിശേഷങ്ങളുമായി ജയറാം
കുന്തവി ദേവിയെന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
മണിരത്നം തന്‍റെ സിനിമകളിലെ നായികമാരെ അവതരിപ്പിക്കുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗി ആയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നു. സുന്ദരിമാരായ നടിമാര്‍ കൂടുതല്‍ സുന്ദരികളായിരിക്കും മണിരത്നം ചിത്രങ്ങളില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ചിത്രമിറങ്ങുന്നതിനു മുന്‍പ് തന്നെ നായികമാരായ ഐശ്വര്യ റായിയുടെയും തൃഷയുടെയും ഗെറ്റപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു. ഷൂട്ടിംഗിനിടയില്‍ തൃഷയെ താന്‍ കണ്ണെടുക്കാതെ നോക്കിനിന്നുപോയി എന്നു പറയുകയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം. ദീര്‍ഘനേരം താന്‍ അവരെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ തെറ്റിദ്ധരിക്കുമെന്ന് കരുതി അവരോട് ചെന്ന് സംസാരിച്ചതിനേക്കുറിച്ച് ബിഹെന്‍ഡ് വുഡ്‌സിനോട് ജയറാം പറഞ്ഞു.
കുന്തവി ദേവിയെന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദരചോളന്‍റെ കൊട്ടാരത്തിലെ സീന്‍ എടുക്കുമ്പോള്‍ കുന്തവി ദേവി സിംഹാസനത്തില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ സൈഡില്‍ ഇരുന്ന് കുറേ നേരം അവരുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. ഭംഗി നമ്മളെന്തായാലും ആസ്വദിക്കുമല്ലോ, ആണിന്‍റെയും പെണ്ണിന്‍റെയും പ്രകൃതിയുടെയും ഭംഗി നമ്മളെല്ലാവരും ആസ്വദിക്കും. ഒരുപാട് നേരം നോക്കുന്നത് കണ്ടിട്ട് തൃഷ തെറ്റായി വിചാരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് ചെന്ന് നല്ല ഭംഗിയായിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ കുറേ നേരം നോക്കിയിരിക്കുന്നത് വേറെയൊന്നും വിചാരിക്കല്ലെയെന്ന് ഇടയ്ക്കിടയ്ക്ക് ഞാന്‍ ഇതുപോലെ പറയും. ആ കഥാപാത്രത്തിന് അവര്‍ അത്രയും ആപ്റ്റായിരുന്നു.
രാജരാജ ചോഴനായി വേഷമിട്ട് ജയം രവി നടന്നു വരുമ്പോള്‍ കണ്ണു പെടണ്ട എന്നു ഞാന്‍ പറയാറുണ്ട്. അത്ര ഭംഗിയാണ്. കാര്‍ത്തി വന്തിയദേവനായപ്പോള്‍ അതിനപ്പുറം വേറെ ആളില്ലെന്ന് തോന്നും. എന്‍റെ ഭാഗം ഷൂട്ട് കഴിഞ്ഞാലും ഞാനവിടെ നില്‍ക്കും ഷൂട്ടിംഗ് കാണാന്‍. പൊന്നിയിന്‍ സെല്‍വനിലെ ഭൂരിഭാഗം പേരുടെ കൂടെയും ഞാന്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ അറിയാത്തത് ഐശ്വര്യ റായിയെ മാത്രമാണ്. പക്ഷെ എന്‍റെ കഥാപാത്രത്തെ കണ്ട് 'ജയറാം എക്സലന്‍റ്, എക്സലന്‍റ് പെര്‍ഫോര്‍മന്‍സ്' എന്നു പറഞ്ഞു...ജയറാം വിശദീകരിക്കുന്നു.