ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും; നായിക മീര ജാസ്മിന്‍

രസകരമായ ഒരു സന്ദര്‍ഭം വിവരിച്ചാണ് സത്യന്‍ അന്തിക്കാട് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

Update: 2021-04-13 12:05 GMT
Advertising

പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. ഇന്നസെന്‍റ്, ശ്രീനിവാസൻ, സിദ്ദിഖ്, ഞാൻ പ്രകാശൻ ഫെയിം ദേവിക സഞ്ജയ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. 

'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് രചന. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു സന്ദര്‍ഭം വിവരിച്ചാണ് സത്യന്‍ അന്തിക്കാട് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു - "ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്."

എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു - "ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്."അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു.

ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.

ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം 'ഞാന്‍ പ്രകാശനില്‍' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്‍റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്‍റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കും. 'ഞാൻ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.

സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News