'മോഡി' ബയോപിക്ക് ഒരുക്കാന്‍ ജോണി ഡെപ്പ്; സംവിധായക കുപ്പായമണിയുന്നത് 25 വര്‍ഷത്തിന് ശേഷം
റിക്കാർഡോ സ്‌കാമാർസിയോയാണ് 'മോഡി'യായി വെള്ളിത്തിരയിലെത്തുന്നത്
25 വർഷത്തെ ഇടവേളക്ക് ശേഷം ഹോളിവുഡ് നടൻ ജോണി ഡെപ്പ് വീണ്ടും സംവിധാന രംഗത്തേക്കെത്തുന്നു. ഇറ്റാലിയൻ ചിത്രകാരനായ അമെഡിയോ മോഡിഗ്ലിയാനിയുടെ ബയോപിക്കാണ് ഡെപ്പ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. മോഡി എന്നാണ് ബയോപിക്കിന് ഡെപ്പ് പേരിട്ടിരിക്കുന്നത്. ഡെന്നീസ് മക്ക്‌ലിന്റയറിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റിക്കാർഡോ സ്‌കാമാർസിയോയാണ് 'മോഡി'യായി വെള്ളിത്തിരയിലെത്തുന്നത്. 1916 ലാണ് കഥ നടക്കുന്നത്. ജോർസി, മേരി ക്രോമോലോവ്‌സ്‌കി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
മോഡിയുടെ ജീവിതത്തിലെ നിർണായകമായ രണ്ട് ദിവസമാണ് സിനിമ പറയുന്നത്. 1997ൽ പുറത്തിറങ്ങിയ 'ദി ബ്രേവ്' എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. തിരക്കഥയിലും ഡെപ്പ് പങ്കാളിയായിരുന്നു. ജോണി ഡെപ്പും മർലോൺ ബ്രാൻഡോയും ചേർന്നാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്.