പെപ്പെ എന്ന യഥാർഥ വില്ലൻ ഒളിച്ചിരിക്കുകയാണ്, ഉഡായിപ്പിന്‍റെ ഉസ്‍താദാണ്; ആന്‍റണി വര്‍ഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജൂഡ് ആന്‍റണി

അയാളെ എല്ലാവരും നല്ലവൻ എന്നു വിചാരിച്ച് ഇരിക്കുകയാണ്

Update: 2023-05-09 06:44 GMT
Editor : Jaisy Thomas | By : Web Desk

ജൂഡ് ആന്‍റണി/ആന്‍റണി വര്‍ഗീസ്

Advertising

നടന്‍ ആന്‍റണി വര്‍ഗീസിനെതിരെ ഗുരുത ആരോപണങ്ങളുമായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. 2018 ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് പെപ്പെയ്ക്ക് എതിരെ രംഗത്തുവന്നത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്‍റണി തന്‍റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചു. മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്നമാണെന്നും ആന്‍റണി വർഗീസ് വന്ന വഴി മറന്നെന്നും ജൂഡ് കുറ്റപ്പെടുത്തി.മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജൂഡ്.


വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്‍റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്‍റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്നതാണ്. എന്‍റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, ആന്റണി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി. എന്‍റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് ഏറ്റവും വലിയ പ്രശ്നം.



ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം. ആ നിർമ്മാതാവ് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.ഇതെല്ലാം ചെയ്തിട്ട് 'ആരവം' എന്നൊരു സിനിമ ആന്‍റണി ചെയ്തു. ഇപ്പോൾ 'ആർ ഡി എക്സ്' ചെയ്യുന്ന നിഹാസിന്‍റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ് അതൊക്കെ. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേർ ഇപ്പോൾ വന്നിട്ടുണ്ട്. പെല്ലിശ്ശേരിയില്ലെങ്കിൽ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. നിധീഷിന്റെ സിനിമ പൂർത്തിയായി. ബേസിലിനെ വച്ച് അത് പൂർത്തിയാക്കാനായി. ബേസിൽ മികച്ച അഭിനേതാവാണ്. സിനിമ പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്. അവൻ ഉഡായിപ്പിന്റെ ഉസ്‍താദ് ആണ്. തിരക്കഥ ഇഷ്‍ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയില്‍ നിന്ന് പിൻമാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത്,” ജൂഡ് അഭിമുഖത്തില്‍ പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News