ജപ്പാനിൽ റിലീസിനൊരുങ്ങി പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'

ചിത്രത്തിന്റെ റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത പതിപ്പ് ഈ മാസം പുറത്തിറങ്ങിയിരുന്നു. ചൈനീസ് പതിപ്പിന്റെ റിലീസിനുള്ള പദ്ധതികളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

Update: 2024-11-12 11:22 GMT
Advertising

പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റർ ചിത്രം 'കല്‍ക്കി 2898 എഡി' ജപ്പാനിൽ റിലീസിനൊരുങ്ങുന്നു. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ജപ്പാൻ പുതുവർഷാഘോഷമായ ഷൊഗാത്സു ഫെസ്റ്റിവലിനോടനുബന്ധിച്ച് 2025 ജനുവരി മൂന്നിനാകും റിലീസിനെത്തുക. 'കൽക്കി'യുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജപ്പാൻ റിലീസിന് മുന്നോടിയായുള്ള പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ജപ്പാൻ സിനിമാലോകത്തെ പ്രധാനികളിലൊരാളായ കബാറ്റ കെയ്സൊയുടെ കീഴിലുള്ള ട്വിൻ ആണ് ചിത്രം ജപ്പാനിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കല്‍ക്കി 2898 എഡി'. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും പ്രേക്ഷകരെ ത്രസിപ്പിച്ചു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത പതിപ്പ് ഈ മാസം പുറത്തിറങ്ങിയിരുന്നു. ചൈനീസ് പതിപ്പിന്റെ റിലീസിനുള്ള പദ്ധതികളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. അതിനിടയിലാണ് ജപ്പാനിൽ ചിത്രത്തിന്റെ റിലീസ്.

സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ രണ്ടാം ഭാഗം 2027ൽ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News