'ഹേ റാമിലെ ആ തലയോട്ടികൾ ഗുണ കേവിൽ നിന്ന്'; ഡെവിൾസ് കിച്ചണിലെ ആ പ്രതിഭാസത്തെക്കുറിച്ചും കമൽ ഹാസൻ
'ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് അധികം വർഷമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്' കമൽ ഹാസൻ പറയുന്നു.
ഗുണാ കേവിൽ നിന്ന് കിട്ടിയ കുരങ്ങുകളുടെ തലയോട്ടികളാണ് 'ഹേ റാം' എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമൽ ഹാസൻ. 'മഞ്ഞുമ്മൽ ബോയ്സ്' ടീമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താരം 'ഗുണ' സിനിമാ ചിത്രീകരണത്തിനിടയിലെ അനുഭവം പങ്കുവെച്ചത്. ഗുണ കേവ് പോലെ ഒരുപാട് സ്ഥലങ്ങൾ തമിഴ്നാട്ടിലുണ്ടെന്നും കമൽ ഹാസൻ പറയുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് അധികം വർഷമായിട്ടില്ല. ഒരു യങ് ഫോര്‍മേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല. കുരങ്ങുകള്‍ അപകടം മനസിലാക്കാതെ ഇതിനുള്ളിലേക്ക് വന്നുകയറും, തിരിച്ചു കയറാനാകാതെ ചത്തുപോകും. ‘ഹേ റാം’ എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ ഗുണ കേവില്‍ നിന്നെടുത്തതാണ്. അത് ഇപ്പോഴും കയ്യിലുണ്ട്' - കമൽ ഹാസൻ പറയുന്നു. ആദ്യം ഗുണ കേവ് സന്ദർശിച്ചപ്പോൾ തനിക്കും കുരങ്ങിന്റെ തലയോട്ടി കിട്ടിയിരുന്നെന്ന് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരവും സംഭാഷണത്തിനിടയിൽ കൂട്ടിച്ചേർത്തു.
തനിക്ക് മഞ്ഞുമ്മൽ ബോയ്സ് ഏറെ ഇഷ്ടമായി. അത് കമൽ ഹാസന്റെ പേരു പറഞ്ഞതുകൊണ്ടല്ല. മൊഹബ്ബത്ത് എന്ന വാക്ക് സൗഹൃദത്തിനു വേണ്ടിയും ഉപയോഗിക്കാമെന്നും കമൽ ഹാസൻ പറയുന്നു. തമിഴ്നാട്ടിൽ ഗുണ കേവ് പോലെ ഒരുപാട് സ്ഥലങ്ങളുണ്ട്. 'ഗുണ' എന്ന സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'മതികെട്ടാന്‍ ഷോലൈ' എന്നായിരുന്നു. പക്ഷെ ടീമംഗങ്ങൾ അന്ന് ആ പേര് ഒരുപോലെ എതിര്‍ത്തു. ഗുണാ കേവിലേക്ക് പോകാനുള്ള വഴി ഞങ്ങള്‍ ഉണ്ടാക്കിയതാണ്. കേവ് വിനോദസഞ്ചാര കേന്ദ്രമായി മാറിയതിന് ശേഷം ആ സ്ഥലത്തെ പഴയ മനോഹാരിത നഷ്ടപ്പെട്ടിട്ടുണ്ടെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി.
'ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടു. എന്നാൽ അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ'- കമൽ ഹാസൻ പറയുന്നു. 'കണ്‍മണി അൻപോട് കാതലൻ..' എന്ന പാട്ടിനെക്കുറിച്ചും കമൽ ഹാസൻ പരാമർശിച്ചു. ഇളയരാജയ്ക്കും കമൽ ഹാസനും ഇടയിലെ പ്രണയലേഖനമാണ് പാട്ടെന്നാണ് കമൽ വിശേഷിപ്പിച്ചത്.
ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന കൊടൈക്കനാലിലെ ഗുഹ 'ഗുണ' എന്ന കമൽ ഹാസൻ ചിത്രം ഇറങ്ങിയതിനുശേഷമാണ് കുടുതൽ പ്രശസ്തിയാർജിച്ചത്. ഗുണാ കേവിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2024 ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖരടക്കം നിരവധിപേരാണ് പ്രശംസകളുമായി രംഗത്തെത്തിയത്.