ലിയോയുടെ കേരളത്തിലെ വിതരണാവകാശത്തിനായി കടുത്ത മത്സരം
അഞ്ച് വിതരണ കമ്പനികളില്‍ കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം മൂവീസാണ്
ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കാന്‍ കടുത്ത മത്സരം. ഒക്ടോബർ 19ന് റിലീസ് ചെയ്യുന്ന സിനിമയുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കാന്‍ അഞ്ച് വിതരണക്കാരാണ് രംഗത്തുണ്ടായിരുന്നത്. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ കേരളത്തിൽ ലിയോ പ്രദർശനത്തിനെത്തിയേക്കും.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ലിയോ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കിയ വിക്രം എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ലിയോ ഒരുങ്ങുന്നത്. നിരവധി ഭാഷകളിൽ നിന്നുള്ള നടീനടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
ഇതര ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. പൊന്നിയിന്‍ സെല്‍വനു ശേഷം ലിയോയും കേരളത്തില്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് ഗോകുലം മൂവീസ്.